ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളിക്ക് പരിക്ക്


പെരുവണ്ണാമൂഴി: പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനുള്ളില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുമ്പളശ്ശേരിയില്‍ കെ.കെ സനോജി (49) നാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ പോയി ബൈക്കില്‍ പേരാമ്പ്ര എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിലേക്ക് തിരികെ വരുകയായിരുന്നു. ഇതിനിടെ ഐ.ബി കവലയ്ക്കടുത്തുവെച്ച് കാട്ടുപന്നി ഓടിയെത്തി ബൈക്കിലിടിക്കുകയായിരുന്നു.

ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയിലും പരിക്കേറ്റ സനോജിനെ ഉടനെ എസ്റ്റേറ്റ് ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ പ്രവേശിപ്പിക്കുയും ചെയ്തു.

എസ്റ്റേറ്റില്‍ രാത്രികാലത്ത് കാട്ടുപന്നിശല്യം വ്യാപകമാണെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു.