ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണു; കണ്ണൂരില്‍ ബ്രസീല്‍ ആരാധകനായ യുവാവിന് ദാരുണാന്ത്യം


കണ്ണൂര്‍: ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. അലവില്‍ സ്വദേശിയായ നിതീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു.

കടുത്ത ബ്രസീല്‍ ആരാധകനായിരുന്നു നിതീഷ്. വ്യാഴാഴ്ച രാത്രി അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപം ഫ്‌ളക്‌സ് കെട്ടിയ ശേഷമാണ് അപകടം. കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡ് അലങ്കരിക്കുന്നതിനിടെയാണ് മരത്തില്‍ നിന്ന് കാല് തെറ്റി നിതീഷ് താഴെ വീണത്.

തല അടിച്ചാണ് നിതീഷ് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ നിതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരവെ ഇന്ന് രാവിലെയാണ് നിതീഷ് മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ജന്മനാടായ അലവിലേക്ക് കൊണ്ടുപോകും. ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ആവേശത്തിലായിരുന്ന ഫുട്‌ബോള്‍ ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് നിതീഷിന്റെ വിയോഗ വാര്‍ത്ത.


Summery: 47 year old Brazil fan died after falling from tree while installing flex board at Alavil, Azhikode, Kannur district before Qatar world cup 2022.