എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു
പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്.
ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു ദീപ്തിയെന്ന് പരിചയക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വടകര മോഡല്‍ പോളി ടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ദീപ്തി. നാട്ടിലെ ക്ഷേത്ര പരിപാടികളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു ഈ ഇരുപത്തിരണ്ടുകാരി.
ഞായറാഴ്ച രാവിലെയാണ് പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തില്‍ മൃതദേഹം കണ്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പരശുറാം എക്‌സ്പ്രസ് തട്ടിയാണ് ദീപ്തി മരിച്ചത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് ദീപ്തിയാണെന്ന് തിരിച്ചറിഞ്ഞത്.
പയ്യോളി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി പവിത്രന്റെയും ദിവ്യയുടെയും മകളാണ് ദീപ്തി. സഹോദരന്‍ ദീപക്.
Summery: Body of girl who died after hitting by a train in Payyoli on October 09 Sunday morning cremated.