പയ്യോളിയില്‍ വന്‍ കഞ്ചാവ് വേട്ട; ബൈക്കില്‍ കഞ്ചാവ് കച്ചവടം നടത്തിയയാള്‍ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് പിടിയില്‍


പയ്യോളി: ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ കൊയിലാണ്ടി എക്‌സൈസിന്റെ പിടിയില്‍. പാലയാട് പതിയാരക്കര പള്ളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ബാലന്റെ മകന്‍ സുബിന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു.

കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം കിഴൂര്‍ ശിവക്ഷേത്രത്തിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ചു വന്നിരുന്ന കെ.എല്‍.18 ആര്‍ 7658 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കൂട്ടുപ്രതിയായ മണിയൂര്‍ മുടപ്പിലാവ് സ്വദേശി അശ്വിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് പണം അക്കൗണ്ടില്‍ നിക്ഷേപിപ്പിച്ച ശേഷം കഞ്ചാവ് നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പ് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇവരുടെ വില്‍പ്പനയെന്ന് എക്‌സൈസ് അറിയിച്ചു. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍. രാജു, എം.സജീവന്‍, എന്‍. അജയകുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി.ആര്‍. രാകേഷ്ബാബു, എ.കെ. രതീഷ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ആര്‍. രേഷ്മ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.