അരിക്കുളത്തെ പലചരക്ക് കടയിലെ ആക്രമം: പന്തലായനി, പെരുവട്ടൂർ സ്വദേശികൾ അറസ്റ്റിൽ
കൊയിലാണ്ടി: അരിക്കുളത്തെ പലചരക്ക് കടയിൽ ആക്രമം നടത്തി കടയുടമയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പന്തലായനി സ്വദേശി അമൽ, പെരുവട്ടൂർ സ്വദേശി സുധീഷ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലെത്തിയ സംഘം കടയില്‍ അതിക്രമിച്ച് കടന്ന് മദ്യപിക്കുകയും അമ്മദിനെ ഉപദ്രവിക്കുകയുമായിരുന്നു. കടയിലെ പഴക്കുലകളും ഭരണികളും ഗ്ലാസും തകര്‍ത്തു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് അമ്മദിനെ കുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊയിലാണ്ടി ടൗണിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് എസ്.ഐ അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അമലിന്റെ പേരിൽ സ്റ്റേഷനിൽ വേറെയും കേസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Summary: Arikulam Grocery Store Attack: Two people Arrested