ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
അരിക്കുളം: ഊരള്ളൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഞായറാഴ്ചയായിരുന്നു ഇന്ന്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ഊരള്ളൂര്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായിരുന്നു ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്ന് 150 മീറ്ററോളം മാറി വയലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
Also Read: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ എന്താണ് കാര്യമെന്ന് അന്വേഷിച്ച് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ ഉടന്‍ വിവരം കൊയിലാണ്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ബാക്കി അവശിഷ്ടങ്ങള്‍ക്കായി പ്രദേശത്ത് പരിശോധന നടത്തി. ചെടികള്‍ നിറഞ്ഞത് കാരണം നേരിട്ടുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ ഡ്രോണ്‍ പറത്തിയാണ് പൊലീസ് പരിശോധന നടത്തിയത്.
ഡ്രോണ്‍ പരിശോധനയില്‍ മൃതദേഹത്തിന്റെ ബാക്കി അവശിഷ്ടങ്ങളും കണ്ടെത്തി. കോഴിക്കോട് റൂറല്‍ ചുമതലയുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചതെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ചെരിപ്പില്‍ നിന്ന് മണം പിടിച്ച പൊലീസ് നായ എത്തിയത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ്. ആള്‍ത്താമസമില്ലാത്ത പ്രദേശമാണ് ഇത്. വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചെങ്കിലും അത് നശിപ്പിക്കപ്പെട്ട നിലയിലായതിനാല്‍ തെളിവുകളൊന്നും ലഭിച്ചില്ല.
ആരുടെ മൃതദേഹമാണ് എന്ന് തിരിച്ചറിയുന്നതിനായി പൊലീസ് സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെയിന്റിങ് തൊഴിലാളി രാജീവന്റെ മൃതദേഹമാണ് വയലില്‍ കണ്ടെത്തിയതെന്ന് വ്യക്തമായത്. രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗം ഭാര്യ തിരിച്ചറിഞ്ഞതോടെ മൃതദേഹം രാജീവന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചു.
ഊരള്ളൂരിലേത് കൊലപാതകമാണോ എന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പറയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആള്‍ത്താമസമില്ലാത്ത വിശാലമായ ഈ വയല്‍ പ്രദേശം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും വിഹാര കേന്ദ്രമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ആളുകള്‍ ആരും വന്നിരുന്നില്ലെന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവൂ. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.
എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിയായ രാജീവന്‍ 35 വർഷത്തോളമായി കരിങ്കുളത്ത് താമസിക്കുകയാണ്. ഈ പ്രദേശത്ത് ഇയാള്‍ സാധാരണയായി വരാറുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.