”ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്, അന്തിമ ടീമിനെ തീരുമാനിക്കാന്‍ ഇനിയും ദിവസമുണ്ട്”; ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി കോച്ച് സ്‌കലോണി


ദോഹ: ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനയുടെ 26 അംഗ സംഘത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന സൂചനയുമായി കോച്ച് സ്‌കലോണി. യു.എ.ഇക്കെതിരായ സന്നാഹമത്സരം എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച ശേഷമായിരുന്നു പ്രതികരണം.

പ്രതിരോധതാരം ക്രിസ്റ്റ്യന്‍ റൊമേരോ, മുന്നേറ്റത്തിലെ നിക്കൊളാസ് ഗോണ്‍സാലസ്, അലിയാന്ദ്രോ ഗോമസ്, പൗളോ ഡിബാല എന്നിവരെ അബൂദബിയിലെ കളിയില്‍ സ്‌കലോണി ഇറക്കിയിരുന്നില്ല. പരിക്കില്‍നിന്ന് കരകയറിവരുന്ന നാലുപേര്‍ക്കും വിശ്രമം നല്‍കുകയായിരുന്നുവെന്നാണ് കോച്ച് പറയുന്നത്.

”ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. അന്തിമ ടീമിനെ തീരുമാനിക്കാന്‍ ഇനിയും ദിവസങ്ങളുണ്ട്. മാറ്റങ്ങളുണ്ടായേക്കാം. അത് വേണ്ടിവരില്ലെന്നാണ് കരുതുന്നത്. എങ്കിലും അതിന് സാധ്യതകളുണ്ട്.”- സ്‌കലോണി പറഞ്ഞു.

” അവരെ ഒഴിവാക്കാന്‍ പോകുകയാണ് എന്നല്ല ഞാന്‍ പറയുന്നത്. അവര്‍ ശാരീരിക പ്രശ്‌നങ്ങളുള്ള കളിക്കാരാണ്, കളിക്കാന്‍ ഫിറ്റല്ല അല്ലെങ്കില്‍ അപായ സാധ്യതകളുണ്ട് എന്ന് കണ്ടാണ് ഇന്ന് അവരെ ടീമിന് പുറത്തുനിര്‍ത്തിയിരിക്കുന്നത്. അവരെ ഒഴിവാക്കിയതിന് കാരണമുണ്ട് എന്നതുകൊണ്ടുതന്നെ നമ്മള്‍ ജാഗ്രത പാലിക്കണം.” അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന മത്സരത്തിന് 24 മണിക്കൂര്‍ മുമ്പുവരെ പരിക്കുള്ള താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിക്കാന്‍ ഫിഫ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. നവംബര്‍ 22ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ് സിയില്‍ മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് മറ്റുള്ളവര്‍.