കഴിക്കാം, ക്ലിക്ക് ചെയ്യാം, സമ്മാനം നേടാം; ഉപജില്ലാ കലാമേളയിൽ ഫോട്ടോഗ്രാഫി മത്സരവുമായി ഭക്ഷണ കമ്മിറ്റി


കൊയിലാണ്ടി: വർണ്ണങ്ങൾ വിരിയുന്ന ഉപജില്ലാ കലാമേളയിൽ ഫോട്ടോഗ്രാഫി മത്സരവുമായി ഭക്ഷണ കമ്മിറ്റി. കലോത്സവത്തിലെ മനോഹരമായ നിമിഷങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തി അയച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാം.

ക്ലിക്ക് ആന്റ് വിൻ എന്ന് പേരിട്ട ഫോട്ടോഗ്രാഫി മത്സരത്തിൽ ഓരോ ദിവസവും സമ്മാനമുണ്ട്. ചിത്രങ്ങൾ പകർത്തി 9400122233, 9847891928 എന്നീ നമ്പറുകളിലൊന്നിലേക്ക് അയക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഭക്ഷണ കമ്മിറ്റിയുടെ വകയായി ലഭിക്കുക.

ഭക്ഷണ കമ്മിറ്റി തന്നെ നടത്തുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരവും ഏറെ ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങൾക്കകം ഖത്തറിൽ തുടങ്ങാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം ഉപജില്ലാ കലാമേളയ്ക്ക് എത്തുന്നവരിലേക്കും പകരാനായാണ് ഭക്ഷണ കമ്മിറ്റി പ്രവചന മത്സരം സംഘടിപ്പിച്ചത്.