ഇൻസ്റ്റ​ഗ്രാം വഴി പരിചയം, ആദ്യം സൗജന്യമായും പിന്നെ ക്യാരിയറുമാക്കി; മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട കഥ വെളിപ്പെടുത്തി കോഴിക്കോട്ടെ ഒമ്പതാംക്ലാസുകാരി


കോഴിക്കോട്: മയക്കുമരുന്നു ക്യാരിയറാക്കി വിദ്യാർത്ഥികളെ മാറ്റുന്നത് അവസാനിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് കോഴിക്കോടെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ആദ്യം സൗജന്യമായി തന്ന ശേഷം പിന്നീട് ക്യാരിയറാക്കി മാറ്റുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട കുടുംബാം​ഗങ്ങളുടെ ഇടപെടലാണ് ലഹരിയിൽ നിന്ന് മുക്തിനേടാൻ പെൺകുട്ടിക്ക് തുണയായത്. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് കുട്ടികൾക്കിടയിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന അനുഭവം പങ്കുവെച്ചത്.

‘ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായാണ് മയക്കുമരുന്ന് തന്നത്. പിന്നീട് ക്യാരിയറാക്കി മാറ്റി. മൂന്നുവർഷമായി മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചു. സ്‌കൂളിൽ നിന്ന് പഠിച്ചുപോയവരാണ് മയക്കുമരുന്ന് എത്തിച്ചത്. കൈയിൽ വര കണ്ടപ്പോൾ ഉമ്മച്ചി ടീച്ചറോട് വിവരം പറഞ്ഞു. ​മാനസിക പ്രശ്നമാകാമെന്നും ഡ്ര​ഗ്സ് ആണെന്ന് അവർ ആദ്യം കരുതിയില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

വാപ്പയ്ക്കൊപ്പം ബാം​ഗ്ലൂരുവിൽ പോയപ്പോഴും സംഘം ബന്ധപ്പെട്ടിരുന്നു. എം.ഡി.എം.എ ആണ് അവർ നാട്ടിലേക്ക് തന്നുവിട്ടത്. സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു.

കയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലഹരിക്ക് അടിമയാണെന്ന ഞെട്ടിക്കുന്ന വിവരം മനസിലാകുന്നത്. തുടർന്ന് ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട കൗൺസിലിങ്ങും മറ്റ് ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കി.

കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമ്മീഷണർക്ക് വിദ്യാർത്ഥിനി പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി.കമ്മീഷണർ കെ സുദർനൻ അറിയിച്ചു.

Summary: A 9th class girl from Kozhikode revealed the story of being involved in a drug gang through instagram