ചന്ദ്രനെ ചുംബിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; ചാന്ദ്രയാന്‍-3 ലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി (വീഡിയോ കാണാം)


ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ബുധനാഴ്ച വൈകീട്ട് 06:03 നായിരുന്നു ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ ലാന്റിങ്.

ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. ഈ പട്ടികയില്‍ നാലാമതായി ഇന്ത്യയും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുകയാണ്.

വൈകീട്ട് 05:45 നാണ് ലാന്റിങ് പ്രക്രിയ ആരംഭിച്ചത്. ഈ സമയം ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ലാന്റര്‍. ലാന്ററിലെ നാല് ത്രസ്റ്റര്‍ എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് വേഗത കുറച്ച് ചന്ദ്രോപരിതലത്തില്‍ സാവധാനം ഇറങ്ങാന്‍ ലാന്ററിനെ സഹായിച്ചത്.

എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമായാണ് സോഫ്റ്റ് ലാന്റിങ് നടന്നത്. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്കിന് (ഇസ്ട്രാക്ക്) കീഴിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്റിങ് നിരീക്ഷിച്ചത്.


Also Read: ആവേശം, ആകാംക്ഷ, ഒടുവില്‍ അണപൊട്ടി ആഹ്‌ളാദം; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കുതിപ്പ് തത്സമയം ബിഗ് സ്‌ക്രീനില്‍ കണ്ട് കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27 ലേക്ക് ലാന്റിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല.

വീഡിയോ കാണാം: