ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും പൊലീസും; കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളുമായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം. ജൂലൈ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഭക്തര്‍ക്ക് കടല്‍ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്.
ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം ഫയര്‍ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തുണ്ടാകും. മെഡിക്കല്‍ ആംബുലന്‍സും സജ്ജമാക്കുമെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ദേശീയപാതയിലെ ക്ഷേത്രകവാടത്തില്‍ നിന്ന് രണ്ട് വരികളിലായാണ് ഭക്തജനങ്ങള്‍ ക്ഷേത്ര ബലിതര്‍പ്പണ കൗണ്ടറിലേക്ക് എത്തേണ്ടത്. രശീതിയാക്കിയ ശേഷം അവിടെ നിന്ന് തന്നെ ബലിസാധനങ്ങള്‍ വാങ്ങിയ ശേഷം ബലിത്തറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഈറന്‍ മാറ്റാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബലിതര്‍പ്പണം കഴിഞ്ഞതിന് ശേഷം ഭക്തര്‍ക്ക് ക്ഷേത്രക്കുളത്തില്‍ കുളിക്കാവുന്നതാണ്. ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് കര്‍മ്മത്തിന് ശേഷം പ്രഭാതഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കും.
കോവിഡ് മഹാമാരി കവര്‍ന്ന രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ തവണയാണ് നിയന്ത്രണങ്ങളില്ലാതെ കര്‍ക്കിടക വാവുബലി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ നടന്നത്. ആയിരങ്ങളാണ് അന്ന് ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി ഒഴുകിയെത്തിയത്.