രണ്ട് വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ കർക്കിടക വാവുബലി; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലായി ബലിതർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ


കൊയിലാണ്ടി: കോവിഡ് നിയന്ത്രങ്ങളൊന്നുമില്ലാതെ കൊയിലാണ്ടിയിൽ കര്‍ക്കിടക ബലിതര്‍പ്പണം. പിതൃസ്മരണയില്‍ വിശ്വാസികള്‍ വിവിധ സ്‌നാനഘട്ടങ്ങളിലെത്തി ബലിതര്‍പ്പണം നടത്തി ആത്മസായൂജ്യമടഞ്ഞു. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടന്നു. ഉരുപുണ്യകാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ആയിരക്കണക്കിനാളുകളാണ് പുലർച്ചെ മുതൽ എത്തിക്കൊണ്ടിരിക്കുന്നത്.

വിവിധ ക്ഷേത്ര സങ്കേതങ്ങൾ കൂടാതെ കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം ചെയ്തു. കൊയിലാണ്ടി കടലോരത്ത് ഉപ്പാലക്കണ്ടി ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണത്തിനായി നൂറ് കണക്കിന് വിശ്വാസികളാണ് എത്തിയത്. കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിൻ്റെ നേതൃത്ത്വത്തിലും പുഴയോരത്ത് ബലിയർപ്പിക്കാനായി അനേകർ ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു. സി.പി സുഖലാലൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. വൻ ജനാവലി മൂലം സംസ്ഥാന പാതയിൽ ഗതാഗത കുരുക്കുണ്ടായി.

മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങളാണ് തർപ്പണം നടത്തിയത്.പുലർച്ചെ 4 മണി മുതൽ ഇവിടെ തർപ്പണം ആരംഭിച്ചു. ബലിദ്രവ്യങ്ങൾ പ്രത്യേക കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്തു. ഒരേ സമയം 750 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിരുന്നു.

സുരക്ഷയുടെ ഭാഗമായി കൊയിലാണ്ടി പോലീസ്, അഗ്നി രക്ഷാ സേന, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിരുന്നു വലിയ തോതിൽ ക്ഷേത്രത്തിലെത്തുന്നവരുടെ തിരക്ക് കൂടിയതോടെ ദേശീയപാതയിലും, തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് നിയന്ത്രിച്ചു. പുലർച്ചെ ഒരു മണി മുതൽ വാഹനങ്ങൾ ക്ഷേത്രത്തിലെക്ക് കടത്തിയിരുന്നില്ല, കടലിലെക്ക് ഇറങ്ങാനും സേനകൾ ആരേയും അനുവദിച്ചിരുന്നില്ല. നൂറോളം പോലീസുകാരും സ്ഥലത്ത് വിന്യസിച്ചു. മഫ്ടി പോലീസുകാരും രഹസ്യ പോലീസും എലത്തൂർ കോസ്റ്റ് ഗാർഡ് പോലീസും കടലോരത്ത് വടം കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. ആരോഗ്യ വകുപ്പിൻ്റെ സേവനവും രംഗത്തുണ്ട്.

നമ്മുടെ മണ്‍മറഞ്ഞുപോയ പൂര്‍വികരെ സ്മരിക്കുവാനും അവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ ബലിച്ചോറും തീര്‍ത്ഥവും തര്‍പ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുവാനും ആണ് ഒരു ദിനം. പിതൃക്കളുമായി രക്തബന്ധമുള്ള ആര്‍ക്കും കര്‍ക്കടക വാവുബലി അര്‍പ്പിക്കാം. എന്നാല്‍ അച്ഛനോ അമ്മയോ രണ്ട് പേരുമോ മരിച്ചു പോയവര്‍ ആണ് സാധാരണ ബലികര്‍മങ്ങള്‍ അനുഷ്ഠിച്ചു വരുന്നത്. പിതൃക്കള്‍ക്ക് ഭക്ത്യാചാരപൂര്‍വ്വം ഭക്ഷണവും പൂജയും അര്‍പ്പിക്കുക എന്നതാണ് ബലികൊണ്ട് അര്‍ഥമാക്കുന്നത്. ചടങ്ങുകള്‍ ചെയ്യാന്‍ മനസ്സും ശരീരവും കര്‍മവും വ്രതത്തിലൂടെ ശുദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇതിന് ഒരിക്കല്‍ വ്രതം എന്നാണ് പറയുക. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഈ സമയത്ത് കഴിക്കാന്‍ പാടുള്ളതല്ല. വ്രതം 48 മണിക്കൂര്‍ വേണം എന്നാണ് ആചാര്യമതം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കണോ വെള്ളം കുടിക്കാനോ പാടില്ല.

ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം: