കിടിലന്‍ നെയ്ച്ചോറ്, കൂടെ ബീഫ് കറിയും വെജിറ്റബിള്‍ കറിയും; കായിക മേളയിലെ പതിവ് രുചികള്‍ വിവാദമാക്കാന്‍ ബി.ജെ.പി. ഐ.ടി സെല്‍ ശ്രമം, ബാലുശ്ശേരി സബ്ജില്ലാ കായികമേളയിലെ മെനുവിനെതിരെ ജന്മഭൂമി വാര്‍ത്ത
ബാലുശ്ശേരി: സ്‌കൂള്‍ കലോത്സവത്തിലെ പഴയിടം നമ്പൂതിരിയുടെ സദ്യ സുപ്രസിദ്ധമാണ്. പഴയിടം സ്പെഷ്യല്‍ പായസവും സാമ്പാറും ഉള്‍പ്പെടുന്ന സദ്യയാണ് കലോത്സവങ്ങളില്‍ താരമെങ്കില്‍ കോഴിക്കോട്ടെ വിവിധ കായികമേളകള്‍ തേടുന്നത് മറ്റൊരു രുചിയാണ്. ബീഫോ ചിക്കനോ ഉള്‍പ്പെട്ട നല്ല നോണ്‍ വെജിറ്റേറിയന്‍ രുചി. സബ്ജില്ലാ കായിക മേളകളില്‍ വര്‍ഷങ്ങളായി പ്രാദേശികമായ ബീഫ്/ചിക്കന്‍ വിഭവങ്ങളാണ് മെനുവില്‍ ഉണ്ടാവുക. എന്നാല്‍ ഇതിലും രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമം നടക്കുകയാണിപ്പോള്‍.
ബാലുശ്ശേരി ഉപജില്ലാ കായികമേളയില്‍ നെയ്ച്ചോറിനൊപ്പം ബീഫ് വിളമ്പിയത് വിവാദമാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നത്. ആദ്യ രണ്ട് ദിവസം പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണവും കായികമേളയുടെ അവസാന ദിവസമായ ഇന്നലെ നെയ്ച്ചോറും കൂടെ പച്ചക്കറിയും ബീഫും ആണ് വിളമ്പിയിരുന്നത്. എന്നാല്‍ ബീഫ് മാത്രമാണ് വിളമ്പിയതെന്നും ഇത് മൂലം സസ്യാഹാരികളായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല എന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്.
ജന്മഭൂമി ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഓടിത്തളര്‍ന്ന വിദ്യാര്‍ഥികള്‍ വെജിറ്റബിള്‍ ഭക്ഷണം ലഭിക്കാത്തതിനാല്‍ ഹോട്ടലുകളിലും വീടുകളിലും എത്തി ഭക്ഷണം കഴിക്കേണ്ടിവന്നു എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന്. എന്നാല്‍ അതേ വാര്‍ത്തയില്‍ തന്നെ എ.ഇ.ഓയുടെ പ്രതികരണത്തിനകത്ത് ഇത് തെറ്റാണെന്ന് വ്യക്തമാകുന്നുണ്ട്. മേളയുടെ അവസാന ദിവസമായ ഇന്നലെ ഭക്ഷണം ഒരാള്‍ സ്പോണ്‍സര്‍ ചെയ്തതാണെന്നും നെയ്ച്ചോറും ബീഫ് കറിയും പച്ചക്കറിയും നല്‍കിയിരുന്നെന്നും എ.ഇ.ഒ ശ്യാം ജിത്ത് പറയുന്നു.
ജന്മഭൂമിയിലെ ഈ വാര്‍ത്ത ആധികാരികമായി അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിഷയം വിവാദമാക്കാനുള്ള ശ്രമമാണ് ബി.ജെ.പി. ഐ.ടി. സെല്‍ അംഗം ലിബിന്‍ ബാലുശ്ശേരി ഉള്‍പ്പടെയുള്ളവര്‍ നടത്തിയത്.
ഇത് ആദ്യമായല്ല കായിക മേളയില്‍ വെജിറ്റബിള്‍ ഭക്ഷണത്തിന് പകരം സാധാരണ ഭക്ഷണം വിളമ്പുന്നത്. ജില്ലയിലെ പല സബ്ജില്ലാ കായികമേളകളിലും വര്‍ഷങ്ങളായി ബീഫും ചിക്കനും ഉള്‍പ്പെടുന്ന സാധാരണ മെനുവാണ് ഉണ്ടാവാറുണ്ട്.