സമാനഗ്രൂപ്പുകള്‍ ഇനി ഒറ്റ ക്ലിക്കില്‍, ഒരു ഗ്രൂപ്പില്‍ 1024 പേര്‍ വരെ, 2 ജി.ബി ഫയല്‍ വരെ അയക്കാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ അറിയാം


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് (Whatsapp Communities) എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമായിരിക്കുകയാണ്. എന്താണ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് എന്ന് നമുക്ക് നോക്കാം.

ഒരേ സ്വഭാവമുള്ള വ്യത്യസ്ത ഗ്രൂപ്പുകള്‍ അഡ്മിന് ഒന്നിച്ച് മാനേജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍. അതായത് ഒരു ഇവന്റ് നടത്തിപ്പിന് ഫൂഡ് കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും, പ്രചാരണ കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും, പര്‍ച്ചേസിംഗ് കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും. ഇത്തരം വ്യത്യസ്ത ഗ്രൂപ്പുകളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു പൊതു ഗ്രൂപ്പ് ഉണ്ടാക്കാനാവും എന്നതാണ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റിയുടെ പ്രത്യേകത. പൊതു കമ്മ്യൂണിറ്റി ഉണ്ടായാലും പഴയ ഗ്രൂപ്പുകള്‍ അതേ ഗ്രൂപ്പുകളായി തന്നെ തുടരും.

ഇങ്ങനെ ഉണ്ടാക്കുന്ന കമ്മ്യൂണിറ്റികള്‍ക്ക് ഒരു അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാവും. അഡ്മിന് മാത്രമായിരിക്കും അനൗണ്‍സ്‌മെന്റ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദം. അനൗണ്‍സ്‌മെന്റ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കാര്യം എല്ലാ ഗ്രൂപ്പിലുള്ളവര്‍ക്കും കിട്ടുന്നതാണ്.

അതായത്, മുകളിലെ ഉദാഹരണത്തില്‍ പറഞ്ഞത് പോലെ ഓരോ കമ്മിറ്റിക്കും അതത് ഗ്രൂപ്പിനകത്ത് പ്രത്യേകമായി തന്നെ ചര്‍ച്ച ചെയ്യാം. എന്നാല്‍ എല്ലാ ഗ്രൂപ്പിലേക്കും വരേണ്ട തീരുമാനങ്ങളാണെങ്കില്‍ അത് അഡ്മിന് അത് അനൗണ്‍സ്‌മെന്റ് ഗ്രൂപ്പിലൂടെ കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളിലെ അംഗങ്ങളിലേക്കും എത്തിക്കാവുന്നതാണ്.

ഒരു കമ്മ്യൂണിറ്റിയില്‍ ഇത്തരം 20 ഗ്രൂപ്പുകള്‍ വരെ ചേര്‍ക്കാനാവും. കൂടാതെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1024 പേരെ ആഡ് ചെയ്യാനാവും. ഗ്രൂപ്പുകളിലെ പോള്‍ സംവിധാനവും വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 32 ആയി ഉയര്‍ത്തിയതുമാണ് പുതിയ അപ്‌ഡേറ്റിലെ മറ്റു ഫീച്ചറുകള്‍.Whatsapp-Communities

കമ്മ്യൂണിറ്റി എങ്ങനെ തുടങ്ങാം?

പുതിയ അപ്‌ഡേറ്റില്‍ കമ്മ്യൂറ്റീസ് ഫീച്ചര്‍ ലഭിച്ചവരുടെ വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഇടതുഭാഗത്തുള്ള ക്യാമറ ഐക്കണിന് പകരം ഇനി കമ്മ്യൂണിറ്റി ചിഹ്നമാണ് കാണുക.

ഈ കമ്മ്യൂണിറ്റി ടാബില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അംഗങ്ങളായിട്ടുള്ള കമ്മ്യൂണിറ്റികള്‍ കാണാവുന്നതാണ്. ഇവിടെ ‘New Communtiy’ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് പുതിയ കമ്മ്യൂണിറ്റി ആരംഭിക്കാവുന്നതാണ്. കമ്മ്യൂണിറ്റിക്കകത്ത് ഇപ്പോഴുള്ള ഗ്രൂപ്പുകള്‍ ആഡ് ചെയ്യുകയോ പുതിയ സബ്ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുകയോ ആവാം.