ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരന്
കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍ കൊയിലാണ്ടി സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു സംഭവം. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ പതിവായി കയറുന്ന ട്രെയിനാണ് ഇത്. ഇന്നും ഒരുപാട് പേര് ട്രെയിനില്‍ കയറാനായി എത്തിയിരുന്നു.
ചെന്നൈ മെയിലില്‍ പോകുന്നവരെ യാത്ര അയക്കാനും നിരവധി പേര് കൊയിലാണ്ടി സ്റ്റേഷനിലെത്താറുണ്ട്. അങ്ങനെ യാത്ര അയക്കാനെത്തിയ ഒരാളാണ് ഇന്ന് അപകടമുണ്ടാക്കിയത്. ട്രെയിനില്‍ പോകുന്നവരുടെ ബാഗുകളും കൊണ്ട് ഇയാളും ട്രെയിനില്‍ കയറി. ബാഗെല്ലാം വച്ച് തിരികെ ഇറങ്ങാന്‍ നോക്കുമ്പോഴേക്ക് ട്രെയിന്‍ സാമാന്യം വേഗത്തില്‍ നീങ്ങുകയായിരുന്നു.
തുടര്‍ന്ന് മറ്റൊന്നുമാലോചിക്കാതെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടി. എന്നാല്‍ പ്ലാറ്റ് ഫോമിലൂടെ നടന്ന് പോകുകയായിരുന്ന മറ്റൊരു യാത്രക്കാരന്റെ ദേഹത്തേക്കാണ് ഇയാള്‍ വീണത്. നിലത്ത് വീണ യാത്രക്കാരന് കാലിന് ഗുരുതരമായ പരിക്ക് പറ്റി. കാല് അനക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു.
ഉടന്‍ ആളുകള്‍ ഓടിക്കൂടുകയും പരിക്കേറ്റ യാത്രക്കാരനെ സ്റ്റേഷനിലെ വീല്‍ച്ചെയറില്‍ ഇരുത്തി പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു. അപ്പോഴേക്ക് സ്റ്റേഷന് മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ ഫോഴ്സിന്റെ ആംബുലന്‍സ് എത്തിയിരുന്നു. ഉടന്‍ തന്നെ യാത്രക്കാരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് റാഫിക്കാണ് (25) പരിക്കേറ്റത്. റാഫിയുടെ കാലിന്റെ എല്ല് പൊട്ടി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതിനെല്ലാം കാരണക്കാരനായ ഇതര സംസ്ഥാനക്കാരന് ഒന്നുമറിയാത്ത പോലെ സ്റ്റേഷനില്‍ നിന്ന് പോകുകയും ചെയ്തിരുന്നു.
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുമ്പോള്‍ സ്വന്തം സുരക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ കൂടി സുരക്ഷയെ കൂടിയാണ് അത് ബാധിക്കുക എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അതിനാല്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനായി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാതിരിക്കാം.
summary: jumping from a moving train is harmful, not only for yourself but also for outsiders, a passenger jumped off from a running train at Koyilandy railway station which caused to injury of a passenger on the platform