കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പകളും വിവിധ തരം ചിട്ടികളുമെല്ലാം ഇനി കയ്യെത്തും ദൂരത്ത്; കോഴിക്കോട് ജില്ലയിലെ കെ.എസ്.എഫ്.ഇയുടെ ആദ്യ മൈക്രോ ബ്രാഞ്ച് നന്തിയിൽ


നന്തി: ജനങ്ങൾക്ക് സ്വർണ പണയ വായ്പ ഉൾപ്പെടെ വായ്പകളും ചിട്ടികളുടെ സേവനവും എളുപ്പത്തിൽ ലഭ്യമാക്കാൻ നന്തിയിൽ മൈക്രോ ബ്രാഞ്ച് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചാണ് നന്തിയിൽ ആരംഭിച്ചത്. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ആയിരം ബ്രാഞ്ചുകൾ സംസ്ഥാനത്ത് തുടങ്ങാനാണ് കെ.എസ്.എഫ്.ഇ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് വെഞ്ചർ ക്യാപിറ്റൽ ഫണ്ടിൽ കെ.എസ് എഫ് ഇ പങ്കാളിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന ആദ്യത്തെ മൈക്രോ ബ്രാഞ്ച് ആണ് നന്തിയിൽ പ്രവർത്തനമാരംഭിച്ചത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണപ്പണയ വായ്പ ഉൾപ്പെടെ വിവിധതരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ബ്രാഞ്ചിലൂടെ ലഭ്യമാകും.

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ എം.കെ മോഹനൻ, ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദർ, കെ.എസ്.എഫ്.ഇ യുടെയും വിവിധ രാഷ്ടീയ പാർട്ടികളുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരദരാജൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.