ഉച്ചയോടെ വീണ്ടും കുറഞ്ഞ് സ്വര്‍ണവില; ഒറ്റദിവസം തന്നെ വന്‍ഇടിവ്


കൊച്ചി: വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. രാവിലെ പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് 71,040 രൂപയായതിന് പിന്നാലെ ഉച്ചയോടെ വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1040 രൂപയുടെ വ്യത്യാസത്തില്‍ പവന് 70,000 രൂപയായി.

രണ്ട് തവണയായി പവന് 2360 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. ഒറ്റ ദിവസം ഇത്രയേറെ കുറയുന്നത് സ്വര്‍ണ വിപണിയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്. യു. എസും ചൈനയും തീരുവ യുദ്ധത്തില്‍ താല്‍ക്കാലികമായി പിന്‍മാറ്റം പ്രഖ്യാപിച്ചതാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

യു.എസ് സാധനങ്ങളുടെ തീരുവ 90 ദിവസത്തേക്ക് 125ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി കുറക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ചൈനീസ് സാധനങ്ങളുടെ തീരുവ 90 ദിവസത്തേക്ക് 145 ശതമാനത്തി ല്‍ നിന്ന് 30 ശതമാനമായി കുറക്കാനും യു.എസും തീരുമാനിച്ചിരുന്നു.