‘ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം എന്‍.എച്ച്.ഐ യുടെ ഒരു വാഹനവും കടന്നു പോകണ്ട’; വാഹനങ്ങള്‍ തടഞ്ഞ് കുന്ന്യോറമല സംയുക്ത സമരസമിതി
കൊയിലാണ്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച്.ഐ യുടെ വാഹനങ്ങള്‍ തടഞ്ഞ് കുന്ന്യോറമല സംയുക്ത സമരസമിതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് റോഡിലൂടെ കടന്നുപോകുന്ന എന്‍.എച്ച്.ഐ യുടെ വാഹനങ്ങള്‍ തടഞ്ഞത്.
ദേശീയപാത വികസനത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കൊല്ലം കുന്ന്യോറമല നിവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് നാല് ദിവസമായി. ഇത്രയും ദിവസമായിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നടപടി.
അപകടാവസ്ഥയിലുള്ള വീടുകള്‍ ഏറ്റെടുക്കുക, ഗതാഗത സൗകര്യം പുനസ്ഥാപിക്കുക, സോയില്‍ നൈലിങ് ശാശ്വതമായ പരിഹാരമല്ല, അവിടെ കോണ്‍ക്രീറ്റ് വാള്‍ നിര്‍മ്മിച്ച് സുരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ പ്രതിരോധിക്കാനുള്ള സോയില്‍ നെയിലിങ് പ്രവൃത്തി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ പ്രതിരോധിക്കാനെന്ന പേരില്‍ മണ്ണിടിഞ്ഞ ഭാഗത്ത് ആഴത്തില്‍ കമ്പി താഴ്ത്തി കോണ്‍ക്രീറ്റ് മിശ്രിതം ഒഴിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഈ പ്രവൃത്തി നടത്തിയ ഭാഗങ്ങളില്‍ വീടുകള്‍ക്ക് വിള്ളലും കിണര്‍ വെള്ളം ഉപയോഗ ശൂന്യവുമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയിരുന്നു. കൂടാതെ കുന്ന്യോറമലയില്‍ അടിഭാഗത്തെ മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ സോയില്‍ നെയിലിങ്ങിലൂടെ മണ്ണിടിച്ചില്‍ പ്രതിരോധിക്കാനാവില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.