ചാകര വന്നേ ചാകര… മത്തിച്ചാകരയില്‍ ആറാടി പയ്യോളി കടപ്പുറം; വാരിക്കൂട്ടാന്‍ ഓടിയെത്തി ജനങ്ങള്‍


പയ്യോളി: പയ്യോളി കടപ്പുറത്ത് മത്തിച്ചാകര. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍ കൂട്ടത്തോടെ തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് എത്തുകയായിരുന്നു.

പയ്യോളി കടപ്പുറം മുതല്‍ ആവിക്കല്‍ വരെയുള്ള ഭാഗത്തെ കടലിലാണ് മത്തിച്ചാകര ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട മത്തിച്ചാകര കാണാനും മത്തി വാരിക്കൂട്ടാനുമായി നൂറുകണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തിയത്.

പയ്യോളിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും മത്തി ശേഖരിക്കാനായി ആളുകള്‍ കടപ്പുറത്ത് എത്തിയിരുന്നു.