ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല; മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്ന സ്ഥലം വേര്‍തിരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.