തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പതിനഞ്ചുകാരന്‍ വനിതാ മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം: ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചു. കുട്ടിയെ രാത്രി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. സംഭവം മജിസ്‌ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേട്ട് എ.അനീസയുടെ മുമ്പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണില്‍ അറിയിച്ചത്.
പൊലീസ് എത്തണമെന്നും മകനെ ജുവനൈല്‍ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടര്‍ന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്‌ട്രേട്ടിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചത്.
ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ മജിസ്‌ട്രേറ്റ് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കുട്ടി കയ്യില്‍ കുത്തി സ്വയം മുറിവേല്‍പിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാര്‍ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ച് ജുവനൈല്‍ ഹോമിലേക്കു മാറ്റി.