മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിട്ടറിയിക്കാം; കൊയിലാണ്ടിയില്‍ മെയ് 17ന് തീരസദസ്സ്


കൊയിലാണ്ടി: തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി കൊയിലാണ്ടിയില്‍ തീരസദസ്സ് സംഘടിപ്പിക്കുന്നു. മെയ് 17ന് രാവിലെ പതിനൊന്ന് മണി മുതല്‍ കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് തീരസദസ്സുകള്‍ സംഘടിപ്പിക്കുന്നത്. മെയ് പതിനാല് മുതലാണ് കോഴിക്കോട് ജില്ലയിലെ തീരസദസ്സുകള്‍ തുടങ്ങുന്നത്.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ മെയ് 14 മുതല്‍ മെയ് 20 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. നാലു മണിക്കൂറാണ് തീര സദസ്സിന്റെ സമയം. ആദ്യത്തെ ഒന്നര മണിക്കൂര്‍ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. പ്രാദേശികമായ വിഷയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വികസന സാധ്യതകള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്നുള്ള മൂന്ന് മണിക്കൂര്‍ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.

മെയ് 14 ന് ബേപ്പൂരില്‍ ആരംഭിക്കുന്ന തീരസദസ്സ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലും സംഘടിപ്പിക്കപ്പെടും. മെയ് 14 ന് വൈകുന്നേരം 4.30 മുതല്‍ ബേപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മെയ് 15 ന് രാവിലെ 11 മണി മുതല്‍ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം വൈകുന്നേരം 4.30 മുതല്‍ പയ്യാനക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ തീരസദസ്സ് നടക്കും. മെയ് 16 ന് രാവിലെ 11 മണി മുതല്‍ പുതിയാപ്പ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മെയ് 20 ന് രാവിലെ 11 മണി മുതല്‍ വടകര ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.