ശക്തമായ മഴ: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാധ്യത


കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജൂണ്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 -11 സെന്റീമീറ്റര്‍ മഴ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 50 രാ നും 80 രാ നും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.