മൊബൈൽ ഫോണുകൾ, മൂവായിരം രൂപ, വിലപ്പെട്ട രേഖകൾ; കുറുവങ്ങാട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് തൊഴിലാളികളുടെ സാധനങ്ങൾ മോഷണം പോയി


കൊയിലാണ്ടി: കുറുവങ്ങാട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. നിർമ്മാണ തൊഴിലാളികളുടെ സാധനങ്ങളാണ് മോഷണം പോയത്. മൊബൈൽ ഫോണുകളും ബാഗുകളുമാണ് മോഷണം പോയത്.

കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം എം.സി സുനീറ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

രാവിലെ എത്തിയ നാല് തൊഴിലാളികൾ മൊബൈൽ ഫോണുകളും  പണവും ഉൾപ്പെടെ രണ്ട് ഹാന്റ് ബാഗുകളും വസ്ത്രങ്ങളും നിർമ്മാണം പൂർത്തിയായ താഴെ നിലയിലെ മുറിയിൽ സൂക്ഷിച്ചതായിരുന്നു. മുകളിലെ നിലയിലെ വാർപ്പിനുള്ള ഒരുക്കങ്ങൾക്കായി നാല് തൊഴിലാളികളും മുകളിലായിരുന്നു.

ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തൊഴിലാളികൾ താഴെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിലപിടിപ്പുള്ള മൂന്ന് മൊബൈൽ ഫോണുകൾ, 3000 രൂപ, എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ സൂക്ഷിച്ച ഹാന്റ് ബാഗുകളാണ് മോഷണം പോയത്. തൊഴിലാളികൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.