പടച്ചോന്‍ കേട്ട ദുആ കാരണം കട വില്‍ക്കാന്‍ പറ്റാതെ വലഞ്ഞ കുട്ട്യാലിക്ക; സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ തുടരുന്നു


 

യാക്കൂബ് രചന

1989-ന്റെ അവസാനത്തിലാണ് ഞാന്‍ ദുബായ് എത്തുന്നത്. ഡിസ്‌കവറി ചാനലിലെ ‘എഞ്ചിനീയറിങ്ങ് മാര്‍വല്‍’ പരമ്പരയില്‍ അത്ഭുതമായി കാണിച്ച ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജന്മഗേഹമുള്ള ഷിന്‍ഡഗയില്‍ നിന്നും ദേരാ-ദ്വീപുമായി ഷിന്‍ഡഗയെ ബന്ധിപ്പിക്കുന്ന ‘ഷിന്‍ഡഗാ ടണല്‍’ വഴിയുളെളാരു യാത്ര എന്റെയൊരു സ്വപ്നമായിരുന്ന കാലഘട്ടം.

ഒരേ സമയം ദുബായ്‌യുടെ സമുദ്ര ഭാഗമായ ക്രീക്കിനടിയിലെ തുരങ്കത്തിനു ഉള്ളിലൂടെ വാഹനങ്ങളും മുകളിലൂടെ ചെറു കപ്പലുകളും അതുക്കും മീതെ വിമാനങ്ങളും പറക്കുന്ന ഒരത്ഭുത സംഭവമായ ഷിന്‍ഡഗാ ടണലിന്റെ തുടക്കത്തിലുള്ള ഫിര്‍ദൗസ് ഹോട്ടലിലാണ് എന്റെ ആദ്യ ദിവസങ്ങളിലെ താമസം കമ്പനി ഒരുക്കിയത്. അന്ന് ദുബായ്‌യുടെ ലാന്റ് മാര്‍ക്കു കൂടിയായ ഹയാത്ത് റീജന്‍സിയാണ് എതിര്‍വശത്ത്.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ആ വരവ് എന്നെ ഞങ്ങളുടെ കുടുംബ സര്‍ക്കിളിലെ ആദ്യത്തെ ദുബായ്ക്കാരനായി മാറ്റി. പിന്നീട് നന്തി നാസര്‍ തൊട്ട് പലരും ഇവിടെയെത്താന്‍ അതൊരു നിമിത്തവുമായി.

അന്നത്തെ രാത്രി ഫിര്‍ദൗസ് ഹോട്ടലില്‍ നല്ല സുഖനിദ്ര പൂണ്ട ശേഷം പിറ്റേ ദിവസം ഉറക്കമുണര്‍പ്പോള്‍ സി.കെ. മമ്മദിന്റെ നമ്പര്‍ തപ്പിയെടുത്തു വിളിച്ചു.

ഫോണെടുത്ത സി.കെ. അതീവ സന്തോഷത്തോടെ ചോദിക്കുകയാണ്: ‘ഇപ്പം ഏടാ ഉള്ളത്? ദേരാ ദുബായ്‌ലോ, അതോ ബുര്‍ ദുബായ്‌ലോ’?

പ്രിയ സുഹൃത്തിന്റെ ചോദ്യം എന്നെ ചെറിയാരു ആശയക്കുഴപ്പത്തിലും ആക്കി. അങ്ങനെ രണ്ടു ദുബായ് ഉണ്ടോ?

എനിക്ക് അന്ന് ഒരു ദുബായ് മാത്രമേ അറിയൂ. പിന്നെയാണ് ‘ദുബായ് ക്രീക്ക്’ എന്നൊരു ജലപാത (നീര്‍ച്ചാല്‍) ദുബായ് നഗരത്തെ രണ്ടായി വിഭജിച്ചിട്ടുണ്ടെന്നും അതില്‍ ക്രീക്കിന്റെ ഒരു ഭാഗത്തുള്ള നഗരത്തെ
‘ദേരാ-ദുബായ്’ എന്നും മറുഭാഗത്തെ ‘ബുര്‍-ദുബായ്’ എന്നും വിളിക്കാറുണ്ടെന്നും അങ്ങിനെ രണ്ടു ദുബായ് ഉണ്ടെന്നും ഇവരെ സഹോദരങ്ങളായിട്ടാണ് (ബായ്- ബായ്) അവിടുത്തുകാര്‍ കാണുന്നതെന്നും അറിഞ്ഞത്.

ഈ രണ്ടു പ്രദേശങ്ങളേയും കോമ്മണായി വിളിക്കുന്ന ‘ദുബായ് ‘ എന്ന പേരു വന്നത് പേര്‍ഷ്യന്‍ വാക്കായ ‘ദോ ബായി’ (രണ്ടു സഹോദരങ്ങള്‍ )
എന്നതു പരിണമിച്ചാണ് !

ദേരാ-ദുബായ്ക്കും ബുര്‍-ദുബായ്ക്കും ഇടയിലായി ‘അബ്ര’ എന്നൊരു കടത്തു ലാഞ്ച് സര്‍വ്വീസ് ഞാന്‍ കണ്ടെത്തിയപ്പോള്‍ പിന്നെ അതിലേറിയായ് ഒഴിവു സമയങ്ങളിലെ എന്റെ നേരംപോക്ക്.

ഒരു ദിര്‍ഹം കൊടുത്താല്‍ തുറശ്ശേരി കടവിലെന്ന പോലെ ക്രീക്കിന്റെ അക്കരേയും ഇക്കരേയുമായി സഞ്ചരിക്കാം. അനേകവട്ടമുള്ള എന്റെ കടത്തു സഞ്ചാരം ഒറ്റയ്ക്കാവുമ്പോളും ബോറടിക്കമ്പോളും ഒരു ടൈം-പാസ്സായി മാറി കഴിഞ്ഞിരുന്നു.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


യാദൃഛികമെന്നോണം ഞാന്‍ താമസിച്ച ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയാണ് ‘കടലൂര്‍ ഹൗസ്’ എന്ന നമ്മുടെ നന്തിക്കാര്‍ താമസിക്കുന്ന സി.കെയുടെ റൂമും.

കടലൂര്‍ ഹൗസിന്റെ പ്രത്യേകതയെന്നാല്‍ ദുബായ് സന്ദര്‍ശിച്ച നാട്ടുകാരില്‍ ആരും ഇവിടെ വിസിറ്റ് ചെയ്യാത്തവരായി ഉണ്ടാവില്ല. കുണ്ടൂനി ബാബുവും ഭാസ്‌ക്കരനും സജീവനും ആറ്റക്കോയ തങ്ങളും മമ്മതും മാമൂദും അബൂബക്കറും ഖാദറും. പള്ളിക്കര കുറ്റോത്ത് കുട്ട്യാലിക്കവരേ ഇവിടെ താമസിച്ചവരില്‍ പെടും.

അവരെല്ലാവരും ജാതിമത ഭേദമന്യേ ജനാബുമാരും സാഹിബുമാരുമാണ്. ഇടക്കൊക്കെ അതേ റൂമില്‍ വെച്ചു നടക്കുന്ന സാമൂഹ്യ സംഘടനാ മീറ്റിങ്ങുകളില്‍ പേരെടുത്ത് സ്വാഗതം പറയുന്ന കൂട്ടത്തില്‍ ‘ജനാബ് ടി.കെ. മഹമൂദ് സാഹിബ് കുണ്ടൂനി ബാബു സാഹിബ്’ എന്ന തരത്തില്‍ തന്നെയാണു ബഹുമാന പുരസ്സരമുള്ള സംബോധനകളും.


READ ALSO: പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന


നാട്ടുകാരായ എല്ലാവരും എത്തിപ്പെടുന്ന ഈ ഫ്‌ലാറ്റിന്റെ ട്രസ്റ്റി പരസഹായിയും യു.എ.ഇയില്‍ നല്ല തഴക്കവും പഴക്കവും ചെന്ന പൊതു പ്രവര്‍ത്തകനുമായ സി.കെ. മമ്മത് ഹാജിയാണ്…

മമ്മതിനെ കാണാന്‍ ആ റൂമില്‍ വരുന്നവര്‍ അതാരായാലും ഇന്നേവരേ ആരുടെ മുന്നിലും തല കുനിക്കാത്തവരായാല്‍ പോലും. മമ്മതിന്റെ റൂം
കവാടത്തിനു മുന്നിലെത്തുമ്പോള്‍ അറിയാതെ ജാപ്പനീസ് ആദിത്യ മര്യാദയിലെന്ന പോല്‍ ഒന്നു തലകുനിച്ച് വണങ്ങി പോവും.

കാരണം അങ്ങോട്ടു കയറാനുള്ള കവാടത്തിന്റെ ഉയരം കഷ്ടിച്ച് നാലര അടിയേ ഉള്ളൂ. കുനിയാതെ കേറിയാല്‍ തലയിടിക്കും.

നല്ല നേരം പോക്കിന്റെ ഇടമാണവിടെ സംസാരം തുടങ്ങിയാല്‍ വിഷയ ദാരിദ്ര്യമേ ഉണ്ടാവില്ല! അവിടുത്തെ അന്തേവാസി ആയിരുന്ന ആറ്റക്കോയ തങ്ങളു ഉസ്താത് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി,

‘അവിടെ എപ്പോഴും കളിയും കുടിയും ചിരിയും തന്നെയാണ്’

ങ്ങ്ഏ… തെറ്റിദ്ധരിക്കേണ്ട… അതിനെ ഉസ്താത് തന്നെ പിന്നീട് തിരുത്തിയത്

‘ഒരു ഭാഗത്തു കേരംസ് കളിയും മറുഭാഗത്ത് പെപ്‌സിയും സെവനപ്പും കുടിച്ചുള്ള സൊറ പറച്ചിലും പിന്നെ ചിരി’യുമെന്നാണു്.. !

പണിയില്ലാത്തവരായി രണ്ടോ മൂന്നോ പേരെങ്കിലും എപ്പോഴും അവിടെ ഉണ്ടാകും. പറമ്പ് വാങ്ങിയതും വിറ്റതും ഉണ്ടറതിക്ക് വെച്ചതും തിരിച്ചു കൊടുക്കാതെ പറ്റിച്ചതും. പിന്നെ നാട്ടിലെ കല്യാണം, കെറുപ്പം, പേറ്, മരണം,
അങ്ങിനെ നീണ്ടു പോകും അവിടുത്തെ ചര്‍ച്ചകള്‍.

എ.കെ മമ്മതിന്റെ മിന്നാമിനുങ്ങു പോലുള്ള കണ്ണുകള്‍ ഡിമ്മും ബ്രൈറ്റും അടിച്ച് ഒട്ടും ചിരിക്കാതെ പറയുന്ന സ്വതസിദ്ധമായ ശൈലിയിലുള്ള നര്‍മ്മം പറച്ചില്‍ കേട്ടിരിക്കാന്‍ നല്ല രസമാണ്. പക്ഷെ ഓരോരുത്തരായ് ആരും അവിടുന്ന് പിരിഞ്ഞു പോകാന്‍ മടിക്കും കാരണം
ആദ്യം പോകുന്ന ആളായിരിക്കും അടുത്ത ഇര എന്നതു കൊണ്ടു തന്നെ.

അവിടുത്തെ അന്തേവാസി ആയിരുന്ന നമ്മുടെ പള്ളിക്കര കുറ്റോത്ത് കുട്ട്യാലിക്ക തന്നെ എന്നോടൊരിക്കല്‍ സ്വന്തം കഥ നര്‍മത്തില്‍ ചാലിച്ച് പറഞ്ഞിരുന്നു. അതേ കഥ തന്നെ കഴിഞ്ഞ ദിവസം എന്റെ വീട്ടില്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായ് വന്ന നാഗത്തില്‍ മമ്മുക്കയും
ഞങ്ങളുടെ നര്‍മ്മ സല്ലാപത്തിനിടയില്‍ പറഞ്ഞതാണ് അത് ഇപ്പോഴോര്‍ക്കാന്‍ കാരണം.

കുട്ട്യാലിക്ക ‘ഖലീഫാ റസ്റ്റോന്റ്’ നടത്തിയ കഥയാണത്. ചുരുക്കിപ്പറയാം.

നിര്‍ഭാഗ്യവശാല്‍ കുട്ട്യാലിക്ക നടത്തിക്കൊണ്ടിരുന്ന ‘ഖലീഫാ റസ്റ്റോന്റ്’ലെ കച്ചോടം കുറഞ്ഞു. നഷ്ടത്തിലാവാന്‍ തുടങ്ങിയപ്പോള്‍
എല്ലാവരും ചെയ്യുന്ന പോലെ എത്രയും പെട്ടെന്നു കിട്ടുന്ന വിലക്ക് വിറ്റു കൈയ്യൊഴിയുക എന്ന ശ്രമം കുട്ട്യാലിക്ക നോക്കിയെങ്കിലും ഫലം കണ്ടില്ല. ഒരു വര്‍ഷം നിരന്തരം ശ്രമിച്ചിട്ടും കട വില്‍ക്കാനായില്ല.


.‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ഒടുവില്‍ റെസ്റ്റോറന്റ് നടത്തിപ്പും വില്‍പനയും അസാദ്ധ്യമായി ബാദ്ധ്യത കൂടിക്കൂടി വന്നപ്പോള്‍, പ്രതീക്ഷയറ്റ് ടെന്‍ഷനടിച്ച് ബീഡിയും വലിച്ച് ചിന്താവിഷ്ടനായിരുന്ന കുട്ട്യാലിക്കാക്ക് പെട്ടെന്നാണ് വില്‍പന നടക്കാത്തതിന്റെ കാരണം ഒരു ഉള്‍വിളി പോലെ മനസ്സില്‍ കടന്നു വന്നത്.

അത് മറ്റൊന്നുമല്ല, ഈ റസ്റ്റോന്റ് ഉദ്ഘാടനം ചെയ്ത വളാഞ്ചേരിക്കാരനായ പോരിശയുള്ള അസിരി തങ്ങളുടെ ഉദ്ഘാടന ദിവസത്തെ പ്രാര്‍ഥനയാണ്.

ദുആയുടെ സമയത്ത് ‘പടച്ചോനേ ഈ സ്ഥാപനം
എന്നന്നേക്കും കുട്ട്യാലിക്ക് തന്നെ നീ നിലനിര്‍ത്തി കൊടുക്കേണമേ’ എന്ന പ്രാര്‍ഥനയാണ് കുഴപ്പമായത്. അന്നവിടെ കൂടിയ എല്ലാ ‘ജനാബുമാരും’ ‘സാഹിബുമാരും’ ആമീന്‍ പറഞ്ഞിരുന്നു. അത് മുകളില്‍ കേട്ടെന്നുറപ്പാണ്. പ്രശ്‌നം അതുതന്നെ.

രക്ഷയില്ലാ, ഇനി മറ്റൊരാളിലേക്കുള്ള കൈമാറ്റം അസാദ്ധ്യം തന്നെ. ‘നഷ്ടത്തിലാവാതെ എന്ന പദം കൂടി അസിരി തങ്ങള്‍ കൂട്ടി ചേര്‍ത്തിരുന്നെങ്കില്‍, എന്ന് നെടുവീര്‍പ്പിടാനേ കുട്ട്യാലിക്കക്ക് കഴിഞ്ഞുള്ളൂ.