പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന


യാക്കൂബ് രചന

ഹ്‌റൈന്‍ പ്രവാസത്തിന്റെ ആരംഭ ദിനങ്ങളില്‍ നാട്ടുകാരുടെ റൂമുകളില്‍ ആചാര സന്ദര്‍ശന വേളകളില്‍ കിട്ടിയ ചില ബിറ്റ്‌സ്, ചിലപ്പോള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും കേട്ടതായിരിക്കാം. കെ.സി. വില്ലാ സന്ദര്‍ശനത്തില്‍ നിന്നും തന്നെ തുടങ്ങാം.

സാധാരണക്കാരനില്‍ അസാധാരണക്കാരന്‍ എന്നോ അസാധാരണക്കാരനില്‍ സാധാരണക്കാരന്‍ എന്നോ തിരിച്ചും മറിച്ചും വിശേഷിപ്പിക്കാവുന്ന മഹാമാനുഷിയും പ്രത്യേകിച്ച് നന്തിക്കാര്‍ക്ക് അന്നത്തെ ആശ്രയവുമായ കെ.സി. എന്ന കെ.സി. മമ്മദ്ക്കയുടെ റൂമില്‍ നിന്നു തന്നെ തുടങ്ങുന്നു.

നാടന്‍ ശീലിലുള്ള നന്തിയന്‍ തമാശകളുടെ ഉപജ്ഞാതാവായ കാദൂക്കയുടെ നര്‍മ്മത്തിന്‍ പെരുമഴ തുള്ളിയില്‍ അന്നു നനഞ്ഞു പൊതിരാത്തവരായി ആരും ഉണ്ടാവില്ല. ആ നര്‍മ്മ കണികകളേറ്റു ഞാനും അല്‍പം പൊതിര്‍ന്നിട്ടുണ്ട്. ആ പുതുമഴ തുള്ളികളില്‍ ചിലത് പറയാം.

‘ലിപ്ടണ്‍ ടീ ബാഗ്’ ജീവിതത്തില്‍ കണ്ടിട്ടില്ലാത്തവരുടെ കൂട്ടത്തില്‍ അന്നു ഞാനും ഉള്‍പ്പെടും. കയറില്‍ തൂങ്ങിയുള്ള ആത്മഹത്യാ മരണം അറബികള്‍ക്ക് പരിചിതമല്ലാത്തതു കൊണ്ട് ആ മരണത്തിന് അവരിട്ട പേരാണ് ‘ലിപ്തന്‍ ഷായ് മൗത്ത് ‘(ലിപ്ടന്‍ ടീ മരണം)

ബാര്‍ബര്‍മാര്‍ മുടിവെട്ടുന്നതിനു മുമ്പ് തലയില്‍ അടിക്കുന്ന വെള്ളത്തിന്റെ സ്‌പ്രേയോട് ചാറ്റല്‍ മഴയെ ഉപമിച്ച് ആ മഴയെ ബാര്‍ബേറിയന്‍ മഴ എന്ന് വിശേഷിപ്പിച്ച, നാമെല്ലാം കാതു കൊണ്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന നന്തിക്കാരുടെ എന്നത്തേയും ആ വലിയ തമാശക്കാരനോട്, ഡോക്ടര്‍: ‘നിങ്ങള്‍ക്ക് ടി.ബി ഉണ്ടെന്ന്’ പറഞ്ഞപ്പോള്‍, ‘കളറോ….. ബ്ലാക്ക് & വൈറ്റോ….’ എന്നു ചോദിച്ച് ഡോക്ടറെ തന്നെ ചിരിപ്പിച്ച നന്തിക്കാരന്‍.

നാട്ടില്‍ നിന്നും പുതുതായി റൂമില്‍ എത്തിയ അതിഥിയെ കെ.സി. സുലൈമാനി സല്‍ക്കരിച്ചു കുടിപ്പിക്കുന്ന ഒരു റാഗിങ് സീനുമുണ്ട്. അതിഥിക്ക് തിളച്ച ചൂടു വെള്ളത്തിന്റെ ഗ്ലാസും. കൂടെ ഒരു ലിപ്ടന്‍ ടീ ബാഗും കൊടുത്തു. ആദ്യമായി ലിപ്ടണ്‍ ടീ ബാഗ് കാണുന്ന അതിഥി ഒരു കയ്യില്‍ ലിപ്ടന്‍ ടീ ബാഗും മറുകയ്യില്‍ തിളച്ച വെള്ളത്തിന്റെ കപ്പുമായി ഇതെന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലിരിക്കയാണ്.

ഇദ്ദേഹത്തിന്റെ മുന്നിലിരുന്ന തമാശക്കാരനായ ആതിഥേയന്‍ കെ.സി. നൂലില്‍ തൂങ്ങുന്ന ടീ ബാഗ്, ഗ്ലാസിലെ ഇളം ചൂടു വെള്ളത്തില്‍ മുക്കിയെടുത്ത് ചുണ്ടില്‍ ഒപ്പി വലിച്ചെടുത്ത് കുടിക്കുകയാണ്. അതിഥിയും അതു നോക്കി അനുകരിച്ചു. ചുണ്ടില്‍ തിളക്കുന്ന ടീ ബാഗ് വെച്ച് വലിച്ചു കുടിച്ചു. പൊള്ളലേറ്റ് വീര്‍ത്ത ചുണ്ടു നോക്കിയുള്ള ചുറ്റുമുള്ളവരുടെ ചിരി കാഴ്ച്ചയില്‍ നമുക്കും ചിരിക്കാതെ വയ്യ.

അന്നൊക്കെ അവിടുത്തെ ഹോസ്പിറ്റലുകളില്‍ ഈജിപ്ഷ്യന്‍ കമ്പോണ്ടര്‍മാരെയും ‘ദൊക്തൂര്‍….. ‘(ഡോക്ടര്‍) എന്നു തന്നെയാണ് പരസ്പരം സംബോധന ചെയ്യുക. നാരായണന്‍ കഠിന പല്ലു വേദനയുള്ള ആ പല്ല് പറിക്കാനാണു സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിയത്. ഈജിപ്ഷ്യന്‍ ദൊക്തോര്‍ ഉടന്‍ സെടേഷന്‍ റൂമിലേക്ക് മയക്കാന്‍ പറഞ്ഞു വിട്ടു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് നാരായണന് ബോധം വന്നപ്പോള്‍ പല്ലു വേദന മാറിയില്ലെന്ന് മാത്രമല്ല, പല്ലു പറിക്കുന്നതിനു പകരം ‘ചേലാകര്‍മ്മം’ [മാര്‍ക്കം] ചെയ്ത് വെച്ചിരിക്കുന്നതാണ് കണ്ടത്.

പ്രവാസം ഇത്തരം ഓര്‍മകളുടെ ഒരു വലിയ ശേഖരം കൂടിയാണ്. കൂടുതല്‍ ഓര്‍മകളുമായി അടുത്ത ആഴ്ച കാണാം…