‘ഇന്നത്ത കളി ജയിക്കും, ലോകകപ്പും ഞങ്ങള്‍ നേടും’; ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതീക്ഷ പങ്കുവച്ച് ബ്രസീല്‍ ആരാധികയായ എം.എല്‍.എ കാനത്തില്‍ ജമീല


കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ ഇന്ന് ഇറങ്ങുകയാണ്. രാത്രി എട്ടരയ്ക്ക് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍  ഇഷ്ട ടീമിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് ബ്രസീലിന്റെ കടുത്ത ആരാധികയായ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. ക്രൊയേഷ്യയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ മത്സരം ബ്രസീല്‍ ജയിക്കുമെന്ന് കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘ഇന്ന് ബ്രസീല്‍ ജയിക്കും. മാത്രമല്ല സെമിയും കടന്ന് ഫൈനല്‍ ജയിച്ച് കപ്പും ബ്രസീല്‍ തന്നെ ഉയര്‍ത്തും.’ -കാനത്തില്‍ ജമീല പറഞ്ഞു.

യാത്രയിലായതിനാല്‍ മത്സരം ലൈവായി കാണാന്‍ കഴിയാത്തതിന്റെ സങ്കടവും അവര്‍ പങ്കുവച്ചു.

‘തിരക്ക് കാരണം ബ്രസീലിന്റെ കഴിഞ്ഞ കളി കാണാന്‍ കഴിഞ്ഞില്ല. നാളെയും മറ്റന്നാളും നിയമസഭ ഇല്ലാത്തതുകൊണ്ട് ഇപ്പൊ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ്. അതുകൊണ്ട് ഈ കളിയും കാണാന്‍ സാധിക്കില്ല.’ -കാനത്തില്‍ ജമീല പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച കളിയായിരുന്നു ബ്രസീലിന്റെതെന്നാണ് എല്ലാവരും പറഞ്ഞത്. ബ്രസീല്‍ കപ്പുയര്‍ത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രസീല്‍ ടീമിലെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് ‘അത് നെയ്മറല്ലാതെ മറ്റാരാണ്…’ എന്നായിരുന്നു എം.എല്‍.എയുടെ മറുപടി.