മഴയത്ത് കെട്ട് പൊട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ പരന്നൊഴുകി; കീഴരിയൂരിൽ അധികൃതരുടെ അനാസ്ഥ നാടിന് വിനയാകുന്നതായി ആരോപണം


കീഴരിയൂർ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും സംസ്ക്കരിക്കുന്നതിലും കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി.

വീടുകളിൽ നിന്നും നിർബന്ധപൂർവമായി 50 രൂപ ഫീസ് വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്പ്രത്തുകരയിലാണ് സൂക്ഷിക്കുന്നത്. എന്നാൽ പൊടുന്നനേ പെയ്ത മഴയത്ത് കെട്ട് പൊട്ടി ഇവ പരന്നൊഴുകിയത് നാടിനാപത്തായി മാറിയെന്ന് മണ്ഡലം പ്രസിഡണ്ട് ഷിനിൽ ടി.കെ, വൈസ് പ്രസിഡണ്ട് അർഷിദ.എൻ എന്നിവർ ആരോപിച്ചു.

മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ നടപടിയും ശക്തമാക്കേണ്ട കാലത്ത് പഞ്ചായത്ത് ഭരണാധികാരികളുടെ അലംഭാവവും അനാസ്ഥയുമാണ് ഇതിലേക്ക് നയിച്ചതെന്നും അവർ കുറ്റപ്പെടുത്തി.