കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും കെട്ടിയിട്ടു, വായില്‍ തുണി തിരുകി; പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍


പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫഹ് ന ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഫഹ് നയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ റമദാന്‍ നോമ്പിന് മുന്നോടിയായുള്ള ഭക്ഷണം തയ്യാറാക്കാനായി എഴുന്നേറ്റ ഫഹ് നയുടെ ഉമ്മ നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഫഹ് നയെ മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞലവിയെയും കുറച്ച് അകലെയുള്ള സഹോദരന്‍ ചിറത്തൊടി ഹുസൈനെയും വിവരം അറിയിച്ചു. ഇവരാണ് പെരിന്തല്‍മണ്ണ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ ഫഹ് നയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

കിടപ്പുമുറിയില്‍ ഫഹ് നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച നിലയിലായിരുന്നു. വായില്‍ തുണി തിരുകിയിരുന്നു. യുവതി ധരിച്ചിരുന്ന മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഫഹ് നയുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണജോലിക്കാരനായ ഭര്‍ത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്നയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ കണ്ടില്ല. പിന്നീട് മണ്ണാര്‍ക്കാട്ടെ വീട്ടില്‍നിന്നാണ് പോലീസ് കണ്ടെത്തുന്നത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്.

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.എം.മായയുടെ നേതൃത്വത്തില്‍ മലപ്പുറം എ.എസ്.പി ഷഹാന്‍ഷാ, പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.അലവി എന്നിവരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രണ്ടരയോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറത്ത് നിന്നുള്ള വിരലടയാളവിദഗ്ധ എന്‍.വി.റുബീന, ഫോറന്‍സിക് ഓഫീസര്‍ ഡോ. വി.മിനി എന്നിവരും മൃതദേഹം പരിശോധിച്ചു. വിശദമായ അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.