ഇനി എന്തും ഏതും സ്റ്റാറ്റസായി ഇടാമെന്ന ധാരണവേണ്ട, പിടിവീഴും; വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാട്‌സ്ആപ്പ് കാലാകാലങ്ങളില്‍ പുതിയ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാറുണ്ട്. വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും ഇതിനകം തന്നെയുണ്ട്. അടുത്തതായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കമ്പനി അവസരമൊരുക്കുമെന്നാണ് വാര്‍ത്തകള്‍.
ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്ഡേറ്റ് വാട്സ്ആപ്പിന്റെ മോഡറേഷന്‍ ടീമിനെ അറിയിക്കാന്‍ സാധിക്കുന്നവിധം സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത്.
ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വന്നേക്കാം.
ഇതിലൂടെ വാട്സ്ആപ്പ് കമ്പനിക്ക് പോളിസിക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ലംഘനം നടന്നതായി ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ കഴിയുംവിധം സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.