ഫോട്ടോ അയക്കുമ്പോള്‍ ക്ലാരിറ്റി കുറയുമെന്ന പേടിവേണ്ട; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി അത്ര പോര എന്ന പരാതി പൊതുവെ വ്യാപകമാണ്. ആ പരാതിക്ക് പരിഹാരവുമായി ഉപഭോക്താക്കളുടെ പ്രിയ ചാറ്റ് പ്ലാറ്റ്‌ഫോം രംഗത്തുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ എച്ച്ഡി ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
വലിയ ഇമേജ് ഫയലുകള്‍ അയക്കാനാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്യുന്ന വിന്‍ഡോയുടെ മുകളില്‍ എച്ച് ഡി ക്വാളിറ്റി എന്ന ഐക്കണും ഉണ്ടായിരിക്കും. സ്റ്റാന്‍ഡേര്‍ഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളില്‍ ഏതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതോടെ 4,096 x 2,692 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. നിലവില്‍ 1,600 x 1,052 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പിലുള്ളത്.
വാട്ട്സ്ആപ്പിലൂടെ വലിയ ഫയലുകള്‍ അയക്കുമ്പോള്‍ മാത്രമേ എച്ച്ഡി ഓപ്ഷന്‍ ദൃശ്യമാകൂ. നിലവില്‍, വലിയ ഫയല്‍ എന്നതുകൊണ്ട് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്ന ഇമേജ് സൈസ് എത്രത്തോളം ആണെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഫയലിന്റെ വലുപ്പം ചെറുതാണെങ്കില്‍ എച്ച്ഡി ഫോട്ടോ എന്ന ഓപ്ഷന്‍ ദൃശ്യമാകില്ല. ഈ സവിശേഷത നിലവില്‍ ആന്‍ഡ്രോയ്, ഐഒഎസ് എന്നിവയുടെ ബീറ്റാ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ.
ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നത്് ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംവിധാനത്തെ ആശ്രയിക്കാതെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. സമാനമായ നിലയില്‍ വീഡിയോകളും ഉയര്‍ന്ന റെസല്യൂഷനില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.