വയനാടിന്റെ നെറുകയിലെ ഒരിക്കലും വറ്റാത്ത ഹൃദയ പ്രകൃതിയിലെ തടാകം കാണണോ? കുന്നിൻ മുകളിൽ നിന്ന് വയനാടും കോഴിക്കോടും ഒന്നിച്ചു കണ്ടാലോ, അപ്പോൾ പിന്നെ ചെമ്പ്ര കൊടുമുടി കയറുകയല്ലേ; ജില്ലയിൽ നിന്നുള്ള യുവജനങ്ങൾക്ക് സൗജന്യ ട്രക്കിംഗ്, കൂടുതൽ വിവരങ്ങളറിയാം


കോഴിക്കോട്: മഞ്ഞിന്റെ കുളിർമ്മയിൽ കുന്നു കയറിയാലോ, കാടിനുള്ളിലൂടെ നടന്നു കയറ്റം, അതും കുത്തനെ. ഇടയ്ക്ക് വന്യ മൃഗങ്ങൾ എത്തി നോക്കിയേക്കാം, ഇടയ്ക്കു വിരുന്നെത്തുന്ന തണുത്ത കാറ്റുകൾ തഴുകിയുള്ള യാത്ര കൂടിയാകുമ്പോൾ ഇഷ്ട്ടം കൂടും. അങ്ങനെ നടന്ന് നടന്ന് ഒടുവിൽ ഏറെ മുകളിൽ ഒരുക്കിയിരിക്കുന്ന ദൃശ്യ മനോഹാരിത കാണുമ്പോൾ ആ സ്ഥലവുമായി പ്രണയത്തിലാവുമെന്ന സംശയമേ വേണ്ട. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നല്‍കിയിരിക്കുന്ന സൗന്ദര്യമായ ചെമ്പ്ര കൊടുമുടി ഇപ്പോൾ സൗജന്യമായി കാണാൻ കോഴിക്കോടുകാർക്കും അവസരം. നവംബര്‍ പതിമൂന്നിനാണ് ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യമായി ട്രക്കിംഗ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ തന്നെ മറ്റെങ്ങും കണ്ടെത്താന്‍ കഴിയാത്ത കാഴ്ച്ചയാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരിടം കണ്ടെത്താനായെന്ന് വരില്ല. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടികൂടിയാണ് ചെമ്പ്ര. വയനാട് ജില്ല പൂർണ്ണമായും കോഴിക്കോടിന്റെ ഭാഗങ്ങളും ഈ കൊടുമുടിയില്‍ നിന്നാല്‍ കാണാം. ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമാണ് ഇവിടം ആകർശകമാക്കുന്നത്. പച്ചപ്പിനു നടുവിൽ ഏറെ സ്നേഹത്തോടെ യാത്രികരെ കാത്തിരിക്കുന്ന ഹൃദയ സരസ്.

പ്രധാനമായും ട്രെക്കിങ് ഇഷ്ട്ടപെടുന്നവർക്കാണ് ചെമ്പ്ര കൂടുതൽ പ്രിയങ്കരി ആവുന്നത്. ഒരു ദിവസത്തെ ട്രെക്കിംഗ് ഉദേശിക്കുന്നവര്‍ക്ക് ചെമ്പ്ര പീക്കിലേക്ക് വിടാം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിൽ 18നും 35നും മധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്‌വരയിലെങ്ങും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങള്‍ കാണാം.

ഒരിക്കലും വറ്റാത്ത വെള്ളമാണ് മറ്റൊരു പ്രത്യേകത. ട്രെക്കിംഗ് തുടങ്ങി ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ ഒരു വാച്ച് ടവറും ഉണ്ട്. ഇവിടെ കയറി നിന്നാല്‍ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹാരിത ഒറ്റയാദിക്കു തന്നെ നിങ്ങള്ക്ക് ഓപ്പിയെടുക്കാം. പിന്നെയും രണ്ടു കിലോമീറ്റര്‍ താണ്ടുമ്പോഴാണ് ഹൃദതടാകത്തിൽ എത്തുന്നത്. തടാകത്തിന്റെ കരയില്‍ കുറച്ചു സമയം വിശ്രമിച്ച് അവിടത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിംഗ് തുടരാം. ഒരു കിലോമീറ്റര്‍ കൂടി മുന്നേല്ക്കു പോകുമ്പോള്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും.


ട്രെക്കിങ്ങിനു പോകാൻ താൽപ്പര്യമുണ്ടോ? അങ്ങ് കുന്നിൻമുകളിൽ കാത്തിരിക്കുന്ന ഹൃദയസരടിനെ ഒരു നോക്ക് കാണാനായി… താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2022 നവംബര്‍ മൂന്നിന് മുന്‍പായി അപേക്ഷിക്കണം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് പ്രവേശനം. അപേക്ഷിക്കേണ്ട വിലാസം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ : 0495-2373-371, 9605098243, 8138898124, ഇമെയില്‍: [email protected]. ഇനി എന്തിനു വയ്കണം, ഉടനെ തന്നെ അപേക്ഷിക്കു, നിങ്ങളെ കാത്തിരിക്കുന്ന മികച്ച ദൃശ്യ വിരുന്നിന്റെ അനുഭൂതിക്കായി.