എ.എ ക്യാമറകള്‍ ആദ്യദിനം എത്രപേര്‍ക്ക് പിഴയിട്ടു? പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസിന്മേല്‍ പരാതിയുണ്ടെങ്കില്‍ എന്ത് ചെയ്യണം? അറിയാം വിശദമായി
കോഴിക്കോട്: റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാല്‍ പതിനാല് ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് നിര്‍ദേശം. വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് അയക്കുക.
പതിനാല് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍.
ആദ്യദിനം വൈകീട്ട് അഞ്ചുമണിവരെ ഇരുപത്തിയെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലിയിലും കുറവ് മലപ്പുറം ജില്ലയിലുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം- 4362, പത്തനംതിട്ട- 1177, ആലപ്പുഴ- 1288, കോട്ടയം. 2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂര്‍-3995, പാലക്കാട്-1007, കോഴിക്കോട്-1550 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
പരാതിയുണ്ടെങ്കില്‍ എന്ത് ചെയ്യണം?
എ.ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതാത് ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എം വി ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കണം. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിക്കുമെന്നാണ് വിവരം.
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍ , ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും. ഇതിനായി 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.