യാഥാര്‍ത്ഥ്യമാകാനൊരുങ്ങി അരിക്കുളത്തെ വെളിയണ്ണൂര്‍ചല്ലി വികസന പദ്ധതി; കാര്‍ഷിക വികസനത്തിന് സമഗ്ര പദ്ധതി
അരിക്കുളം: വെളിയണ്ണൂര്‍ചല്ലി വികസനപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അരിക്കുളത്ത് ചേര്‍ന്ന സംയുക്തയോഗത്തില്‍ തീരുമാനമായി. സ്ഥലം ഉടമകള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണസമിതി അംഗങ്ങള്‍, മൈനര്‍ ഇറിഗേഷന്‍-കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
കൊയിലാണ്ടി നഗരസഭയിലും അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂര്‍ചല്ലി പാടശേഖരം വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 20.7 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ചല്ലിയിലുള്ളത്. ഇതില്‍ 9..90 ശതമാനം സ്ഥലവും നെല്‍ക്കൃഷി ചെയ്യാതെ വെറുതേകിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഭൂരിഭാഗം സ്ഥലത്തും നെല്‍ക്കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെല്‍ക്കൃഷിയോടൊപ്പം ഔഷധസസ്യക്കൃഷി, മീന്‍വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നിവയും ബോട്ടിങ് ടൂറിസം നടത്താനും പദ്ധതിയുണ്ട്.
പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കളുടെ യോഗം ഒന്‍പതിന് ഊരള്ളൂര്‍ യൂ.പി. സ്‌കൂളിലും 13-ന് അരിക്കുളം സ്‌കൂളിലും ചേരും. കര്‍ഷകരുടെ സമ്മതപത്രം വാങ്ങാനും, കൃഷിക്കാവശ്യമായ ജലസേചനത്തിനായി കുളം നിര്‍മിക്കാനാവശ്യമായ സ്ഥലംവാങ്ങാനും യോഗം ധാരണയിലെത്തി. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ രാജീവന്‍ പദ്ധതികള്‍ വിശദീകരിച്ചു. ചേറോല്‍പ്പുഴയോടനുബന്ധമായി പമ്പ്ഹൗസ് പണിയുന്നതിനുള്ള സ്ഥലം ലഭ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു ഇവിടെ കെ.എസ്.ഇ.ബി., ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
വെളിയണ്ണൂര്‍ചല്ലി കൃഷിക്ക് യോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് 31 അംഗ ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചു. ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍(ചെയര്‍മാന്‍) എം. പ്രകാശന്‍, സി. രാധ, ബിന്ദു പറമ്പടി (വൈസ് ചെയര്‍മാന്‍), രവീന്ദ്രന്‍ പിലാച്ചേരി (കണ്‍വീനര്‍), അഷറഫ് വള്ളോട്ട്, പീതാംബരന്‍, കലന്തര്‍ കൊരട്ടിയില്‍, ഇ.കെ. ശശി (ജോ കണ്‍വീനര്‍)