നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാം


കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി നിയമവിരുദ്ധമായും അപകടകരമാംവിധവും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന തുടരുന്നു. വാഹനം നിരത്തിലിറക്കാന്‍ നിയമപരമായി ഉണ്ടാകേണ്ട രേഖകളായ വാഹനപൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഇല്ലാത്ത ടിപ്പറുകളില്‍ നിര്‍മ്മാണ സാമഗ്രികളുമായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല.

പൊലീസിന്റെയും ആര്‍.ടി.ഒയുടെയും കൈയെത്തും ദൂരത്ത് പകല്‍ സമയങ്ങളില്‍ യാതൊരു ശിക്ഷാഭയവുമില്ലാതെ ഈ നിയമലംഘനം തുടരുകയാണ്. നിയമ പ്രകാരം പുറക് വശം അടച്ച് മാത്രമാണ് ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ കരിങ്കല്‍ ചീളുകളും വലിയ കല്ലുകളുമടക്കം അടങ്ങിയ മണ്ണ് പിറകുഭാഗം അടക്കാത്ത ലോറികളില്‍ ദേശീയപാതയിലൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ദേശീയപാതയിലെ ഹമ്പുകളും കൊയിലാണ്ടിയിലെ മേല്‍പ്പാലവും കടന്ന് ഇത്തരത്തില്‍ ടിപ്പര്‍ ലോറികള്‍ പോകുമ്പോള്‍ കല്ലുകളും മണ്ണും പിറകിലുള്ള വാഹനങ്ങളില്‍ വരുന്നവരുടെ മേല്‍ വീഴാനും പൊടിപാറി ബൈക്കുപോലുളള വാഹനങ്ങളില്‍ വരുന്നവര്‍ അപകടത്തില്‍പ്പെടാനും സാധ്യത ഏറെയാണ്. സ്‌കൂള്‍ കുട്ടികളും മറ്റും നിരത്തുകളില്‍ സജീവമായ രാവിലെയാണ് ഇത് നടക്കുന്നത്.

നിയമ പ്രകാരം ടിപ്പര്‍ ലോറികളുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഈ നിയമം ലംഘിച്ചാണ് വാഗാഡിന്റെ ലോറികള്‍ ബൈപ്പാസ് നിര്‍മാണത്തിനായി സര്‍വ്വീസ് നടത്തുന്നത്. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വണ്ടികളാണ് ഇവ. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വണ്ടികള്‍ ആറുമാസത്തിലധികം ഇവിടെ സ്ഥിരമായി ഓടാന്‍ പാടില്ലയെന്ന് നിയമമുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ ഓടുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഇവിടുത്തേക്ക് മാറ്റണം. എന്നാല്‍ ഒരുവര്‍ഷത്തിലേറെയായി ദേശീയപാതയുടെ ജോലികള്‍ക്ക് ഉപയോഗിക്കുന്ന ടിപ്പര്‍ ലോറികളെല്ലാം ഇപ്പോഴും ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ളതാണ്.

ഈ ടിപ്പര്‍ ലോറികളില്‍ ചിലതിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് നേരത്തെ കൊയിലാണ്ടി ന്യൂസ് ഡോട് കോം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

സെപ്റ്റംബര്‍ 25ന് കൊയിലാണ്ടി ന്യൂസ് ഈ നഗ്നമായ നിയമലംഘനം തെളിവ് സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്നും ഇതിനെതിരെ നടപടിയുണ്ടായില്ലയെന്നുമാത്രമല്ല, വാഗാഡ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം ഈ നിയമലംഘനങ്ങള്‍ തുടരുകയുമാണ്.

ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആര്‍.ടി.ഒയുടെ പ്രതികരണം തേടിയപ്പോള്‍ അടുത്തിടെയാണ് ചുമതലയേറ്റെടുത്തതെന്നും ഇത്തരമൊരു കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ആര്‍.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

ലാബര്‍ ക്വാമ്പില്‍ നിന്നുള്ള മലിനജലത്തിന്റെ പേരില്‍ നേരത്തെയും വാഗാഡ് കമ്പനി വിവാദത്തില്‍പ്പെട്ടിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്വാമ്പിലെ മലിനജലം പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മുട്ടിച്ചിരുന്നു.

വീഡിയോ കാണാം: