പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് വ്യാജബോംബ്; വ്യക്തമായത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവത്തില്‍ പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചു.

സ്റ്റീല്‍ ബോംബിന്റെ മാതൃകയില്‍ ഉള്ള മൂന്ന് പാത്രത്തിനകത്ത് പാറപ്പൊടി നിറച്ച നിലയിലാണ് വടിവാളിനൊപ്പം കണ്ടെടുത്തിരുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇന്ന് കാലത്ത് മൂന്ന് ബോംബും ഒരു വടിവാളും കണ്ടെത്തിയത്. അടുത്തുള്ള വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസും പിന്നീട് ഡോഗ് സ്‌കോഡും സ്ഥലത്തെത്തി. പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് കണ്ടെത്തിയത് ബോംബിന്റെ വ്യാജ നിർമ്മിതിയാണെന്ന് മനസ്സിലായത്.

summary: