തെറ്റായ റിപ്പോര്‍ട്ട് നല്‍കി പൊലീസ്, ഒടുവില്‍ കോടതിയില്‍ നീതി; വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ കുടുംബത്തിന് 35 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ട് വടകര എം.എ.സി.ടി
കൊയിലാണ്ടി: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എം.എ.സി.ടി). കൊയിലാണ്ടി സ്വദേശി അനൂപിന്റെ കുടുംബത്തിനാണ് 25,47,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും പലിശയുമടക്കം 35 ലക്ഷത്തോളം രൂപ നല്‍കണമെന്ന് എം.എ.സി.ടി ജഡ്ജി രാമകൃഷ്ണന്‍ വിധിച്ചത്.
2018 ജനുവരി 21 നാണ് അനൂപിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കോമത്തുകരയില്‍ വച്ചായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് വരികയായിരുന്ന അനൂപ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ കൊയിലാണ്ടി ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
എന്നാല്‍ അപകടത്തില്‍ മരിച്ച അനൂപിന് എതിരായ റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ പൊലീസ് നല്‍കിയത്. അനൂപിന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കേസ് എം.എ.സി.ടിയ്ക്ക് മുന്നിലെത്തിയപ്പോള്‍ രേഖാപരമായ തെളിവുകളും സാക്ഷികളെയും അണിനിരത്തി പൊലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞു. അനൂപിന്റെ ബൈക്കില്‍ ഇടിച്ച കാറിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതോടെയാണ് ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സിനോട് കോടതി ചെലവും പലിശയും സഹിതമുള്ള നഷ്ടപരിഹാരം അനൂപിന്റെ ആശ്രിതര്‍ക്ക് നല്‍കാന്‍ വടകര എം.എ.സി.ടി ഉത്തരവിട്ടത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ബാബു പി. ബെനഡിക്ട്, അഡ്വ. പി.പി.ലിനീഷ് എന്നിവര്‍ ഹാജരായി. നഷ്ടപരിഹാരമായി ലഭിച്ച തുകയെക്കാള്‍ സത്യം തെളിയിക്കാന്‍ കഴിഞ്ഞുവെന്നതിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് അഡ്വ. പി.പി.ലിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.