പുലപ്രക്കുന്നിലെ അനിയന്ത്രിത മണ്ണുഖനനം; പരാതിയില്‍ അന്വേഷണം നടത്താനായി നേരിട്ടെത്തി ആര്‍ഡിഒ, ആശങ്കകള്‍ തുറന്ന് പറഞ്ഞ് പ്രദേശവാസികള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ബിജു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും ആര്‍ഡിഒയ്ക്ക് മുന്നില്‍ പരാതിപ്പെട്ടു.

അശാസ്ത്രീയമായ രീതിയില്‍ ചെങ്കുത്തായ മല ഇടിച്ചാണ് മണ്ണുഖനനം നടത്തുന്നത്. മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗം കൂടെ ഇടിച്ച് മണ്ണെടുക്കുന്നതിനാല്‍ കുന്നിന് ബലക്കുറവ് സംഭവിക്കുമെന്നും ഇത് കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നും നാട്ടുകാര്‍ ആശങ്ക അറിയിച്ചു.

കൂടാതെ പുലപ്രക്കുന്ന് സാംബവ കോളനിയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥ കൈവന്നിരിക്കുകയാണെന്നും പ്രദേശത്തെ കിണറുകള്‍  വലിയ തോതിലുള്ള മണ്ണെടുപ്പു കൊണ്ട് വറ്റി തുടങ്ങിയെന്നും അടിയന്തരമായി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്നും സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ ആര്‍ഡിഒ വിനോട് ആവശ്യപ്പെട്ടു.

മേപ്പയൂര്‍ പഞ്ചായത്തിലെ പുലപ്രക്കുന്ന് ഒട്ടനവധി പാരിസ്ഥിതിക പ്രാധാന്യമുള്ള ജൈവ കലവറയാണെന്നും മലയുടെ പരിസരങ്ങളിലും താഴ്വാരങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന മല സംരക്ഷിക്കപ്പെടണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആര്‍ഡിഒ വിനോട് ആവശ്യപ്പെട്ടു.

പരാതികള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് ആര്‍ഡിഒ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ജനവാസ മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ ആശങ്കകളും ഉത്കണ്ഠകളും കണക്കിലെടുക്കും. അശാസ്ത്രീയമായും അനധികൃതമായാണ് മണ്ണെടുക്കുന്നതെന്ന കാര്യം നേരിട്ട് ബോധ്യമായതായും അദ്ദേഹം പറഞ്ഞു.

21 സെന്റ് ഭൂമിയില്‍ നിന്നും 12500 ടണ്‍ മണ്ണെടുക്കാനുള്ള കോഴിക്കോട് ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവില്‍ ഏതാണ്ട് ഒരേക്കറിലധികം മണ്ണെടുത്തതായി നാട്ടുകാര്‍ ആരോപിച്ചു. കൊയിലാണ്ടി താലൂക്ക് സര്‍വ്വേയര്‍ അളന്നതനുസരിച്ച് തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മണ്ണ് അളവില്‍ കൂടുതല്‍ എടുത്തതായി കാണുന്നുണ്ടെന്നും പറഞ്ഞു. ശാസ്ത്രീയ പഠനത്തിന്റെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലേ മണ്ണെടുക്കാവൂ എന്ന് കമ്പനി അധികൃതരോട് ആര്‍ഡിഒ നിര്‍ദ്ദേശിച്ചു. കുന്നിന്റെ മുകളില്‍ കയറി ഇനിയും മണ്ണിളക്കരുതെന്നും ആര്‍ഡിഒ പറഞ്ഞു.