മേപ്പയ്യൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു. ഇന്നലെയാണ് സംഭവം.

ചാപ്പറമ്പില്‍ സിറാജിന്റെ മകന്‍ ആമിസ് അമനെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കുട്ടിയെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സതേടി.

കുട്ടിയെ ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തുകാര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.

മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. രാത്രി ബസ് സ്റ്റാന്റില്‍ നായകളെ കൂട്ടത്തോടെ തമ്പടിക്കുന്ന സ്ഥിതിയാണ്.