‘വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയില്‍ പരസ്പര സൗഹൃദത്തിന്റെ ധന്യമുഹൂര്‍ത്തം’ കീഴ്പ്പയ്യൂര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കീഴ്പ്പയ്യൂര്‍ അയ്യപ്പക്ഷേത്രം
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ കഴിഞ്ഞദിവസമൊരുക്കിയ ഇഫ്താര്‍ വിരുന്നിന് സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും രുചികൂടിയുണ്ടായിരുന്നു. കീഴ്പ്പയ്യൂര്‍ ശ്രീ അയ്യപ്പക്ഷേത്രകമ്മിറ്റിയാണ് പ്രദേശത്തെ ഇസ്ലാം മത വിശ്വാസികള്‍ക്കുവേണ്ടി പള്ളി അങ്കണത്തില്‍ വിരുന്നൊരുക്കിയത്.
‘വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയില്‍ പരസ്പര സൗഹൃദത്തിന്റെ ധന്യമുഹൂര്‍ത്തം’ എന്ന സന്ദേശം മുന്‍നിര്‍ത്തി, മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്ര താളുകളില്‍ എന്നും ഇടം പിടിച്ചു നില്‍ക്കുന്ന കീഴ്പയ്യൂര്‍ ഗ്രാമത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിനുമായിട്ടാണ് അയ്യപ്പ ക്ഷേത്രം ഇഫ്താര്‍ സൗഹൃദ കൂട്ടായ്മ ഒരുക്കിയത്.
ക്ഷേത്രം പ്രസിഡന്റ് പി.എം.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കീഴ്പയൂര്‍ ജുമഅ മസ്ജിദ് ഇമാം റംഷാദ് ദാരിമി റംസാന്‍ സന്ദേശം നല്‍കി. ‘മനുഷ്യനാകണം, മനുഷ്യ നന്മയാണ്’ സര്‍വ്വ മതങ്ങളുടെയും അടിസ്ഥാന ലക്ഷ്യമെന്നും ഈ ഒരു കൂട്ടായ്മ പ്രദേശത്തിന്റെ മുഖമുദ്രയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര ഭാരവാഹികളും പള്ളിഭാരവാഹികളും കൂടാതെ നിരവധിപേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തതും, നാടിന്റെ മത മൈത്രിയ്ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം വര്‍ധിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണന്‍, എം.പക്രന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.