‘അടിയേറ്റതെന്തിനെന്ന് പേടിച്ച കവിളിനറിയില്ല…’; ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളുലയ്ക്കുന്ന കവിതയുമായി സോമന്‍ കടലൂര്‍
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന നടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാ വിഷയം. പിഞ്ചുവിദ്യാര്‍ത്ഥികളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുന്ന തരത്തിലുള്ള അധ്യാപികയുടെ പ്രവൃത്തിയാണ് വീഡിയോയില്‍ ഉള്ളത്.
ക്ലാസിലെ മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുസഫര്‍നഗറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ച ത്യാഗിയാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് സഹപാഠിയായ മുസ്ലിം വിദ്യാര്‍ത്ഥികളെ അടിപ്പിച്ചത്.
വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയര്‍ന്നുവന്നത്. കേരളത്തിലും സംഭവത്തിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു.
കടലൂര്‍ സ്വദേശിയും പ്രശസ്ത എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ മുസഫര്‍നഗര്‍ വീഡിയോയുടെ പശ്ചാത്തലത്തില്‍ എഴുതിയ ചെറുകവിതയും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥ ഏതാനും വരികളില്‍ വരച്ചുകാട്ടുന്ന കവിത ഫേസ്ബുക്കിലാണ് അദ്ദേഹം പങ്കുവച്ചത്. നിരവധി പേർ സോമൻ കടലൂരിന്റെ കവിതയ്ക്ക് താഴെ കമന്റ് ചെയ്യുകയും കവിത ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സോമന്‍ കടലൂരിന്റെ കവിത
അടിയേറ്റതെന്തിനാണെന്ന്
പേടിച്ച കവിളിനറിയില്ല
അടിച്ചതെന്തിനാണെന്ന്
പേടിപ്പിച്ച കൈയ്ക്കുമറിയില്ല
ഒന്നറിയാം
പേ പിടിച്ച ക്ലാസുകള്‍
വെറുപ്പിന്റെ രാജ്യമായി
തഴച്ചുവളരും
അവിടെ ഇരുട്ടും മൗനവും
കിരീടവും ചെങ്കോലുമേന്തും…