മരക്കൊമ്പ് വീണതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു, ആശുപത്രിയില്‍ എത്തുംമുമ്പ് മരണം; വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നോവായി അധ്യാപകന്റെ വിയോഗം


ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അധ്യാപകന്‍ മുഹമ്മദ് ഷരീഫിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ഉള്ള്യേരി എ.യു.പി സ്‌കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പ്രിയപ്പെട്ട അധ്യാപകന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അറിഞ്ഞത്. ഉടനെ സഹപ്രവര്‍ത്തകര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി.

മടവൂര്‍ പുതുക്കുടി സ്വദേശിയായ മുഹമ്മദ് ഷരീഫ് വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് വരവെ നന്മണ്ട അമ്പലപ്പൊയിലില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച ബൈക്കിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് അല്‍പദൂരം മുന്നോട്ട് ഓടി റോഡില്‍ മറിഞ്ഞു. ഹെല്‍മറ്റ് പൂര്‍ണമായി തകര്‍ന്നു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഏഴ് വര്‍ഷമായി ഉള്ള്യേരി എ.യു.പി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നുണ്ട് മുഹമ്മദ് ഷെരീഫ്. അതിന് മുമ്പ് ലീവ് വേക്കന്‍സിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മടവൂരിലെ റിട്ട. അധ്യാപകന്‍ പരേതനായ അബൂബക്കറിന്റെ മകനാണ്. മുസ്‌ലിം ലീഗ് മടവൂര്‍ പത്താം വാര്‍ഡ് സെക്രട്ടറിയുമാണ്. ഭാര്യ: മാരിയത്ത്. മൂന്ന് മക്കളുണ്ട്.