മരിച്ച രണ്ടു പേരും പത്തൊന്‍പത് വയസുകാര്‍; താമരശ്ശേരിയില്‍ ടിപ്പര്‍ ലോറി കയറി മരിച്ച ബൈക്ക് യാത്രക്കാരായ യുവാക്കളെ തിരിച്ചറിഞ്ഞു


താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ ചാലിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ ടിപ്പര്‍ ലോറി ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെയും സവിതയുടെയും മകന്‍ യദു കൃഷ്ണ, കുടുക്കില്‍ ഉമ്മരം കാരക്കുന്നുമ്മല്‍ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്റെയും മേരിയുടെയും മകന്‍ പൗലോസ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും പത്തൊന്‍പത് വയസാണ്.

യദു കൃഷ്ണയും പൗലോസും ബൈക്കില്‍ ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന അജ്ഞയ എന്ന ബസ്സാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. റോഡ് കരാര്‍ കമ്പനിയായ ശ്രീധന്യയുടെ ടിപ്പര്‍ ലോറിയാണ് ഇരുവരുടെയും ദേഹത്ത് കൂടെ കയറിയിറങ്ങിയത്. അപകടത്തില്‍ രണ്ട് പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഗീതു കൃഷ്ണയാണ് യദു കൃഷ്ണയുടെ സഹോദരി. ശ്യാം, അല്‍ഫോണ്‍സ, കാതറിന്‍, തെരേസ, മരിയ എന്നിവരാണ് പൗലോസിന്റെ സഹോദരങ്ങള്‍.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.