മത്സരയോട്ടത്തിന് ഒടുവില്‍ അപകടം; കോഴിക്കോട് രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസല്‍, സ്‌കൈലാര്‍ക്ക് എന്നീ ബസ്സുകള്‍ക്കാണ് പിടിവീണത്.
രണ്ട് ബസ്സുകളുടെയും ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മത്സരയോട്ടത്തിനിടെ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മാവൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗസല്‍ ബസ്സും മെഡിക്കല്‍ കോളേജ്-ഫറോക്ക് റൂട്ടില്‍ ഓടുന്ന സ്‌കൈലാര്‍ക്ക് ബസ്സുമാണ് അപകടത്തില്‍ പെട്ടത്.
രണ്ട് ബസ്സുകളുടെയും സ്പീഡ് ഗവര്‍ണറുകള്‍ വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
അതിനിടെ കണ്ണൂരിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലന്‍സിനു പോലും വഴിനല്‍കാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലന്‍സിന്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു. വഴിനല്‍കാതെ സ്വകാര്യ ബസുകള്‍ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.