ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം


Advertisement

മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം ഉച്ചവരെ നീണ്ടുനില്‍ക്കും.

Advertisement

ഇന്ന് രാത്രി മുതൽ ദേശീയപാതയിൽ നിന്ന് ഉരുപുണ്യകാവ് ക്ഷേത്രത്തിലേക്കുള്ള റോഡുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. രാത്രി ഒരു മണി മുതൽ വാഹനം കടത്തി വിടുകയില്ലെന്നും ബലി അർപ്പിക്കാൻ വരുന്നവർക്ക് ഹൈവേയുടെ ഇരു വശങ്ങളിലായും വാഹനം പാർക്ക് ചെയ്യാമെന്നും കൂട്ടിച്ചേർത്തു. കൊയിലാണ്ടി പൊലീസ് വാവ് ദിവസം മുഴുവന്‍ സമയവും ഉരുപുണ്യകാവില്‍ ഉണ്ടാകും. സമീപ പ്രദേശങ്ങളിലേക്കും പോലീസ് വിന്യസിച്ചിട്ടുണ്ട്.

Advertisement

ആളുകൾ കാൽനടയായി മാത്രമേ ക്ഷേത്രപരിസരത്തേക്ക് വരാൻ പാടുള്ളു. കടലോര ക്ഷേത്രമായതിനാൽ വലിയ തോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിനോടൊപ്പം തന്നെ കോസ്റ്റ്ഗാർഡ്, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനവും ഉണ്ടാവും.

Advertisement

ഒരു സമയം അഞ്ഞൂറിലേറെ പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയുടെ കാര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ബേപ്പൂരിലെ കോസ്റ്റ്ഗാര്‍ഡില്‍ നിന്നുള്ള രണ്ട് പേരും ഇവിടെയെത്തും. കൂടാതെ വളണ്ടിയര്‍മാരും ജാഗരൂകരായി നിലകൊള്ളും.

ബലിതര്‍പ്പണത്തിനെത്തുന്ന ഒരാളെയും കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കടല്‍ത്തീരത്ത് കൈവേലി കെട്ടും. വേലിയുടെ അടുത്ത് നിന്ന് വേണം ഭക്തര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് കഴിഞ്ഞു. പുലര്‍ച്ചെ മുതല്‍ എത്തുന്ന ഭക്തര്‍ക്കായി പ്രഭാത ഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കും.


ഇതുകൂടി വായിക്കൂ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇത്തവണയും പ്രതീക്ഷിക്കുന്നത് 15,000 ത്തിലേറെ പേരെ; കര്‍ക്കിടകവാവ് പൂര്‍വ്വാധികം ഭംഗിയായി നടത്താനൊരുങ്ങി ഉരുപുണ്യകാവ്; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക