ആരാകും നാളത്തെ കായിക താരങ്ങള്‍; കൊയിലാണ്ടിയില്‍ നാളെ മുതല്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്
കൊയിലാണ്ടി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത്തെ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് മെയ് 10-ാം തീയതി കാവുംവട്ടം കെഎംയുപി-കളിമുറ്റം അക്കാദമി ഗ്രൗണ്ടിൽ ആരംഭിക്കുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആദ്യ സമ്മർ ക്യാമ്പ് മുഖേന തെരഞ്ഞെടുക്കപ്പെട്ട്, മികച്ച പരിശീലനം ഏറ്റുവാങ്ങി, കോഴിക്കോട് വിമൺസ് അണ്ടർ-15 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മേധാ ദീപ്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നിയോഗിക്കുന്ന പരിശീലകർ ക്യാമ്പിൽ പങ്കെടുക്കും. മേധയ്ക്ക് പുറമെ ആദ്യ സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത കൊയിലാണ്ടി സ്വദേശിയായ നെഥൻ.എസ് ഇപ്പോൾ കോഴിക്കോട് ആൺകുട്ടികളുടെ അണ്ടർ-16 ടീമിന്റെ ക്യാപ്റ്റനാണ്. ക്യാമ്പില്‍ പങ്കെടുത്ത അലൻ ഖാദർ, ജില്ലാ സ്കൂൾ ടീമിന്റെ അംഗമായി മത്സരങ്ങളിൽ പങ്കെടുത്തു. ഗയ എന്ന പെൺകുട്ടിയും സ്‌റ്റേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തിട്ടുണ്ട്.
രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. സെലക്ഷൻ കഴിഞ്ഞാൽ തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികള്‍ ക്യാമ്പില്‍ തുടർച്ചയായി പങ്കെടുക്കേണ്ടതാണ്. എട്ട് വയസിനും 17 വയസിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രത്യേക ഡ്രസ് കോഡ് ആവശ്യമായില്ലെങ്കിലും വൈറ്റ് ക്രിക്കറ്റ് ജേഴ്സിയും ക്യാൻവാസ് ഷൂസും ധരിക്കുക. കുട്ടികൾക്ക് വേണ്ട കുടിവെള്ളവും മറ്റ് പാനീയങ്ങളും ഒപ്പം കൊണ്ടുവരേണ്ടതാണ്.
Description: Summer cricket coaching camp to start tomorrow in Koyilandy