ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇത്തവണയും പ്രതീക്ഷിക്കുന്നത് 15,000 ത്തിലേറെ പേരെ; കര്‍ക്കിടകവാവ് പൂര്‍വ്വാധികം ഭംഗിയായി നടത്താനൊരുങ്ങി ഉരുപുണ്യകാവ്


കൊയിലാണ്ടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തിലും കടലോരത്തും സജ്ജമായിക്കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂര്‍ണ്ണതോതില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുന്നത്.

ജൂലൈ 28 വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. അന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. ഇത്തവണയും പതിനയ്യായിരത്തിലേറെ പേരെയാണ് ഇവിടെ ബലിതര്‍പ്പണത്തിനായി പ്രതീക്ഷിക്കുന്നത്. ബലിതര്‍പ്പണം ഉച്ചവരെ നീണ്ടുനില്‍ക്കും.

ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തര്‍ക്ക് നല്‍കാനായി ചടങ്ങിന് ആവശ്യമായ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഭക്തര്‍ക്ക് ബലിയിടാനുള്ള കടല്‍ത്തീരത്തെ ബലിത്തറ വിപുലീകരിച്ചിട്ടുണ്ട്. ഒരു സമയം അഞ്ഞൂറിലേറെ പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിട്ടുണ്ട്.

ഭക്തജനങ്ങളുടെ സുരക്ഷയുടെ കാര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് വാവ് ദിവസം മുഴുവന്‍ സമയവും ഉരുപുണ്യകാവില്‍ ഉണ്ടാകും. ബേപ്പൂരിലെ കോസ്റ്റ്ഗാര്‍ഡില്‍ നിന്നുള്ള രണ്ട് പേരും ഇവിടെയെത്തും. കൂടാതെ വളണ്ടിയര്‍മാരും ജാഗരൂകരായി നിലകൊള്ളും.

ബലിതര്‍പ്പണത്തിനെത്തുന്ന ഒരാളെയും കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കടല്‍ത്തീരത്ത് കൈവേലി കെട്ടും. വേലിയുടെ അടുത്ത് നിന്ന് വേണം ഭക്തര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് കഴിഞ്ഞു. പുലര്‍ച്ചെ മുതല്‍ എത്തുന്ന ഭക്തര്‍ക്കായി പ്രഭാത ഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കും.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ വീണ്ടും കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുന്നത്. 2021 ല്‍ കര്‍ക്കിടകവാവ് ബലി നടന്നില്ലെങ്കിലും കുംഭത്തിലെ ബലിതര്‍പ്പണം നടന്നിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായ 2020 ല്‍ ഒരു ചടങ്ങും നടന്നിരുന്നില്ല.