വേങ്ങേരി ബൈപ്പാസില്‍ മൂന്നുമാസത്തേക്ക് ഗതാഗത നിയന്ത്രണം; കോഴിക്കോട്ടേക്കും തിരിച്ചും വാഹനങ്ങള്‍ പോകേണ്ടത് ഇങ്ങനെ- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: ദേശീയപാത 66 വേങ്ങേരി ബൈപാസില്‍ ആറുവരിപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതല്‍ അടക്കും. മൂന്നുമാസത്തേക്കാണ് ഗതാഗത നിയന്ത്രണം.

കക്കോടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ വേങ്ങേരി ബൈപാസ് ജങ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് വഴി യാത്രചെയ്ത് പ്രൊവിഡന്‍സ് കോളജ് ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാന്‍കുളത്തുവഴി ടൗണിലേക്ക് പോകണം.

ടൗണില്‍നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളും ചെറുവാഹനങ്ങളും കൃഷ്ണന്‍ നായര്‍ റോഡ്, മാളിക്കടവ് – അടിപ്പാതവഴി തണ്ണീര്‍പന്തല്‍ റോഡില്‍ കയറി ബാലുശ്ശേരി റോഡില്‍ പ്രവേശിച്ച് കക്കോടി ഭാഗത്തേക്ക് പോകണം.

ചരക്കുവാഹനങ്ങള്‍ കാരപ്പറമ്പ് ബൈപ്പാസ്, കുണ്ടൂപ്പറമ്പ് തണ്ണീര്‍പന്തല്‍ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതേവഴി കോഴിക്കോട്ടേക്കും പോവണം. ബാലുശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകള്‍ തണ്ണീര്‍പന്തല്‍, മാളിക്കടവ്, കരിക്കാംകുളം വഴിയും സ്വകാര്യ വാഹനങ്ങള്‍ കക്കോടിക്ക് സമീപം മൂട്ടോളിയില്‍ നിന്ന് തിരിഞ്ഞ് പോട്ടമുറി പറമ്പില്‍ ബസാര്‍ തടമ്പട്ടുതാഴംവഴിയും കോഴിക്കോട് ഭാഗത്തേക്ക് പോകണം.

ദേശീയപാതയിലൂടെയുള്ള പ്രവൃത്തി നടക്കുന്നസ്ഥലത്ത് ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിക്കും. വാഹനം തിരിച്ചുവിടുന്ന ഭാഗത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇത്തരം ബോര്‍ഡുകളിലുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.