അഞ്ച് മാസത്തിനിടെ പേരാമ്പ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 ഓളം ഗ്യാസ് ലീക്ക് അപകടങ്ങള്‍: ഗ്യാസ് ലീക്കാവുന്നതില്‍ നമുക്കും പങ്കുണ്ട്- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പേരാമ്പ്ര: ഗ്യാസ് ലീക്കും ഇതേത്തുടര്‍ന്നുണ്ടാകുന്ന തീപിടിത്തങ്ങളും പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യാപകമാണെന്നാണ് പേരാമ്പ്ര ഫയര്‍ഫോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ മാത്രം പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ 12 ഗ്യാസ് ലീക്ക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളില്‍ ലീക്ക് കാരണം തീപിടിത്തവും ഉണ്ടായിരുന്നു.

അപകട സാധ്യത ഏറെയുള്ള എല്‍.പി.ജി കൈകാര്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവാണ് ഗ്യാസ് ലീക്കിന് ഒരുപരിധിവരെ കാരണമാകുന്നതെന്നാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. എല്‍.പി.ജിയിലെ മെയിന്‍ സപ്ലൈ വാല്‍വിലാണ് ലീക്ക് ഏറ്റവുമധികം ശ്രദ്ധയില്‍പ്പെട്ടത്. ലോഹംകൊണ്ട് നിര്‍മ്മിച്ച ഈ സപ്ലൈ വാള്‍വ് ഉള്ളിലുള്ള ഗ്യാസിന്റെ മര്‍ദ്ദം കാരണമാണ് ടൈറ്റായി കാണുന്നത്. ഈ വാള്‍വിനുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള പൊടിയോ മറ്റോ കുടുങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഗ്യാസ് ലീക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഗ്യാസ് തീര്‍ന്നുകഴിഞ്ഞാല്‍ മെയില്‍ സപ്ലൈ വാല്‍വിന്റെ ക്യാപ് ഉപയോഗിച്ച് അടച്ചിടുന്ന പതിവ് പലര്‍ക്കും ഇല്ല. വാല്‍വ് തുറന്നുവെച്ച രീതിയിലാണ് പലരും സിലിണ്ടര്‍ കൈമാറുന്നത്. ഇത് വാല്‍വില്‍ പൊടിയും മറ്റും കുടുങ്ങുന്നതിനും അതുവഴി പിന്നീട് ഗ്യാസ് നിറച്ചുകഴിഞ്ഞാല്‍ ലീക്കേജ് ഉണ്ടാവാനും സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഗ്യാസ് സിലിണ്ടര്‍ കാലിയായാല്‍ ക്യാപ് ഇട്ട് അടച്ചുസൂക്ഷിക്കാന്‍ മറക്കരുത്.

സിലിണ്ടറില്‍ എന്തെങ്കിലും തരത്തിലുള്ള ലീക്ക് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ തന്നെ റെഗുലേറ്റര്‍ ഓഫ് ചെയ്തതിന് ശേഷം റെഗുലേറ്റര്‍ മാറ്റി മെയിന്‍ സപ്ലൈ വാല്‍വില്‍ സുരക്ഷാ മൂടിയിട്ട് കെട്ടിടത്തിനു വെളിയില്‍ തുറസ്സായ സ്ഥലത്തേക്ക് മാറ്റി വിവരം സേനയേയും ഏജന്‍സിയേയും ആറിയിക്കണമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

ഇങ്ങനെ ചെയ്യാന്‍ കഴിയാതെ വന്നാല്‍ ആളുകള്‍ കെട്ടിടത്തില്‍ നിന്നും വെളിയിലേക്ക് മാറേണ്ടതും, വൈദ്യുതോപകരണങ്ങള്‍ ഓണ്‍, ഓഫ് ചെയ്യാതിരിക്കുകയും, സമീപവാസികള്‍ക്ക് വിവരം നല്‍കേണ്ടതുമാണ്.