അബിഗേല്‍ സാറയെ കാണാതായിട്ട് 15മണിക്കൂര്‍; തിരുവനന്തപുരത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്


കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തിരുവനന്തപുരത്ത് മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. ശ്രീകണ്ഠശ്വേരത്ത് നിന്ന് രണ്ടുപേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠശ്വേരത്തെ കാര്‍ വാഷിങ്ങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം.

ഒപ്പം സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരു പുരുഷന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിലെത്തി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച സ്ത്രീക്കൊപ്പം എത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രമാണ് പുറത്ത് വിട്ടത്. ഒപ്പം തട്ടിക്കൊണ്ടു പോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

അതേ സമയം കുട്ടിക്കായി നാട്ടുകാരും പോലീസും വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. അപ്പൂപ്പന്‍പാറയിലെ ക്വാറിയിലുള്‍പ്പടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാലംഘ സംഘം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേള്‍ സാറയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകവെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് കുട്ടിയുടെ കുടുംബം പോലീസിനെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. ഏതാണ്ട് രാത്രി 8മണിയോടെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് തട്ടിപ്പ് സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നുമാണ് സംഘം അമ്മയെ ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒരാഴ്ച മുമ്പും സമീപത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ കാര്‍ കണ്ടതായി കുട്ടികള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.